മദ്ധ്യപ്രദേശ് ബി.ജെ.പി ക്യാമ്പില്‍ ഞെട്ടല്‍; രണ്ട് സിന്ധ്യ അനുയായികള്‍ കോണ്‍ഗ്രസില്‍- ഉപതെരഞ്ഞെടുപ്പിന് മുമ്പ് നിര്‍ണായക നീക്കം

ഭോപ്പാല്‍: ഉപതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ബി.ജെ.പി ക്യാമ്പിനെ ഞെട്ടിച്ച് രണ്ട് മുതിര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യ അനുയായികള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സേവാ ദള്‍ സംസ്ഥാന പ്രസിഡണ്ട് സത്യേന്ദ്ര യാദവ്, മുന്‍ മന്ത്രി ബാലേന്ദു ശുക്ല എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

രണ്ടു പേരും സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയവരാണ്. 1993-98 കാലളവില്‍ കാബിനറ്റ് മന്ത്രിയായിരുന്ന ശുക്ല കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കമല്‍നാഥിന്റെ സാന്നിദ്ധ്യത്തിലാണ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്.

‘ബി.ജെ.പിക്ക് എനിക്ക് ആദരം നല്‍കി. ഇപ്പോള്‍ എന്നെ കൊണ്ട് പാര്‍ട്ടിക്ക് ഒരുപകാരവുമില്ല. കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ എന്നെ ബന്ധപ്പെട്ട് പാര്‍ട്ടിയിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ബി.ജെ.പിയുടെ ജനവിരുദ്ധ ഏകാധിപത്യ നയങ്ങള്‍ മൂലമാണ് പാര്‍ട്ടി വിടുന്നത്- അദ്ദേഹം പറഞ്ഞു. ഗ്വാളിയോര്‍ മേഖലയിലെ ശക്തനായ ബ്രാഹ്മണ നേതാവാണ് ശുക്ല.

230 അംഗ നിയമസഭയില്‍ രാജിവച്ചവരും മരിച്ചവരും അടക്കം 24 സീറ്റിന്റെ ഒഴിവാണ് ഉള്ളത്. സിന്ധ്യയ്‌ക്കൊപ്പം 16 എം.എല്‍.എമാരാണ് കോണ്‍ഗ്രസ് വിട്ടിരുന്നത്. ഇതോടെ കമല്‍നാഥ് സര്‍ക്കാര്‍ വീഴുകയും ചെയ്തു.

അതിനിടെ, ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റെടുത്ത് ഒരു മാസം തികഞ്ഞിട്ടും സിന്ധ്യ മൗനം തുടരുകയാണ്. തന്റെ കൂടെ പാര്‍ട്ടി വിട്ടു വന്ന പത്തു പേര്‍ക്കെങ്കിലും മന്ത്രിസ്ഥാനം നല്‍കണമെന്നായിരുന്നു സിന്ധ്യയുടെ ആവശ്യം. എന്നാല്‍ ആറു പേര്‍ മാത്രമാണ് മന്ത്രിസഭയില്‍ ഇടം പിടിച്ചത്.