മധ്യപ്രദേശ് സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ മടിക്കില്ലെന്ന് ജ്യോതിരാധിത്യ സിന്ധ്യ

കര്‍ഷരുടെ കടം എഴുതിത്തള്ളല്‍ പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചു; സിന്ധ്യയും കമല്‍നാഥുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് കോണ്‍ഗ്രസ്‌

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായുള്ള വിമര്‍ശന നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജ്യോതിരാധിത്യ സിന്ധ്യ. സ്വന്തം സര്‍ക്കാരിനെതിരെ സമരം തുടങ്ങാന്‍ മടിക്കില്ലെന്ന വെല്ലുവിളിയുമായി കമല്‍നാഥ് സര്‍ക്കാരിനെതിരെ സിന്ധ്യ വീണ്ടും രംഗത്തെത്തിയതായി റിപ്പോര്‍ട്ട്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ കമല്‍നാഥിനെതിരെ വിമര്‍ശനമുന്നയിക്കുന്ന സിന്ധ്യ ഇപ്പോള്‍ കടുത്ത വെല്ലുവിളികളാണ് നടത്തുന്നത്. സര്‍ക്കാറിനെതിരെ കര്‍ഷകരെ തെരുവില്‍ അണിനിരത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സിന്ധ്യ, ഇപ്പോള്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ സമരത്തിനായി തെരുവിലിറക്കാന്‍ തുനിഞ്ഞാണ് വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ സമരം തുടങ്ങുമെന്നാണ് സിന്ധ്യ വ്യക്തമാക്കിയിരിക്കുന്നത്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം പാലിക്കാന്‍ കമല്‍നാഥ് തയ്യാറായിട്ടില്ലെന്നാണ് സിന്ധ്യ ചൂണ്ടികാണിക്കുന്ന പ്രധാനവിഷയം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിയുന്നില്ലെന്നും സിന്ധ്യ വിമര്‍ശിച്ചിരുന്നു.

ഞായറാഴ്ച വൈകുന്നേരം ഗ്വാളിയറില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സിന്ധ്യ പറഞ്ഞു, ‘നിങ്ങള്‍ ഈ ചോദ്യം ചോദിക്കുമെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ ഞാന്‍ ഒരു പൊതുസേവകനാണെന്ന് നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഞങ്ങളുടെ പ്രകടന പത്രികയില്‍ ഞങ്ങള്‍ ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി, ആ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഞങ്ങള്‍ പ്രതിഷേധിക്കേണ്ടതുണ്ട്. എന്നാല്‍, ഈ പ്രതിഷേധം എപ്പോള്‍, എങ്ങനെ നടത്തുമെന്ന് പറയാന്‍ സിന്ധ്യ വിസമ്മതിച്ചു.

അതേസമയം, സിന്ധ്യയുടെ പുതിയ വെല്ലുവിളിയോടെ കമല്‍നാഥോ പാര്‍ട്ടി വൃത്തങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിന്ധ്യ ഉയര്‍ത്തിയ വെല്ലുവിളിയോട് നേരത്തെ പ്രതികരിച്ച മുഖ്യമന്ത്രി കമല്‍നാഥ്, പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ സിന്ധ്യയെ ധൈര്യപ്പെടുത്തിയിരുന്നു. കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും അടുത്ത ദിവസം തന്നെ കൂടിക്കാഴ്ച്ച നടത്തുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

എന്നാല്‍, മുഖ്യമന്ത്രി കമല്‍നാഥിന്റെ വസതിയില്‍ നടന്ന യോഗത്തിനിടെ സിന്ധ്യ ഇറങ്ങിപ്പോയെന്ന കാര്യം കോണ്‍ഗ്രസ് നിഷേധിച്ചു. നേരത്തെ മടങ്ങണമെന്ന കാര്യം സിന്ധ്യ അറിയിച്ചിരുന്നതായും കമല്‍നാഥുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചത്.

കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ചുമതല ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കകം തന്നെ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളല്‍ നടപടികള്‍ ആരംഭിച്ചിരുന്നു. കോണ്‍ഗ്രസിന്റെ കര്‍ഷരുടെ കടം എഴുതിത്തള്ളല്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തന്റെ സര്‍ക്കാറില്‍ നിന്നും 25 ലക്ഷത്തോളം കര്‍ഷകര്‍ക്ക് ഇതിനകം നേട്ടമുണ്ടായതായും കമല്‍നാഥ് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ തുടര്‍ന്ന് ഗുണഭോക്താക്കളെ സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ പദ്ധതി നിന്നുപോവുകായാണുണ്ടായത്. ഇത് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയായിരുന്നു.

എന്നാല്‍, പദ്ധതിയുടെ രണ്ടാം ഘട്ടം ഇതിനകം തന്നെ നടക്കുന്നുണ്ടെന്നും ശേഷിക്കുന്ന കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെ വായ്പ എഴുതിത്തള്ളുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്.

‘ഞങ്ങള്‍ ഇതിനകം 25 ലക്ഷത്തിലധികം കര്‍ഷകരുടെ വായ്പ എഴുതിത്തള്ളി, രണ്ടാം ഘട്ടം ആരംഭിച്ചു. അധികാരത്തിലിരിക്കുന്ന ഞങ്ങള്‍ക്ക് ഒരു വര്‍ഷത്തിലേറെയായി. ഈ സര്‍ക്കാര്‍ അതിന്റെ അഞ്ചാം വര്‍ഷം അവസാനിക്കുന്നതിന് മുമ്പേ പ്രകടനപത്രികയിലെ മുഴുവന്‍ വാഗ്ദാനങ്ങളും നിറവേറ്റുമെന്നും പൊതുഭരണവകുപ്പ് മന്ത്രി ഗോവിന്ദ് സിംഗ് പറഞ്ഞു. എന്നാല്‍ സമ്മര്‍ദ്ദകരമായ ബിജെപി ഭരണം കാരണമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ സംസ്ഥാനം കടന്നുപോകുന്നതെന്നും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.