സിന്ധ്യയുടെ ഉള്ളിലൊന്നും പറയുന്നത് മറ്റൊന്നുമാണ്; ബി.ജെ.പി ബഹുമാനത്തിലെടുക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഷ്ട്രീയ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടാണ് തന്റെ പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് സിന്ധ്യ ആര്‍എസ്എസിനൊപ്പം ചേര്‍ന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. സിന്ധ്യയുടെ ഉള്ളിലുളളത് ഒന്നും അയാള്‍ പറയുന്നത് മറ്റൊന്നുമാണെന്നും സിന്ധ്യയ്ക്ക് ബിജെപിയില്‍ നിന്നും ബഹുമാനം ലഭിക്കില്ലെന്നും മുന്‍ കോണ്‍ഗ്രസ് മേധാവി പറഞ്ഞു. കോണ്‍ഗ്രസുമായുള്ള ദീര്‍ഘകാല ബന്ധം അവസാനിപ്പിച്ച് ബിജെപിയിലേക്കുള്ള സിന്ധ്യയുടെ നീക്കത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ഇവിടെയുള്ള പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടം മാത്രാണ്. ഒരു ഭാഗത്ത് കോണ്‍ഗ്രസും മറുഭാഗത്ത് ബിജെപിയും ആര്‍എസ്എസുമാണ്. സിന്ധ്യയുടെ പ്രത്യയശാസ്ത്രം എന്താണെന്ന് എനിക്കറിയാം. സിന്ധ്യ തന്റെ പഴയ സുഹൃത്താണ്. കോളേജ് കാലം മുതല്‍ എനിക്കൊപ്പമുണ്ടായിരുന്ന ആളുമാണ്. തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് മാത്രം ആശങ്കയുണ്ടായിരുന്നതിനാല്‍ അദ്ദേഹം തന്റെ പ്രത്യയശാസ്ത്രം വിട്ട് ആര്‍എസ്എസില്‍ ചേരുകയാണുണ്ടായതെന്നും രാഹുല്‍ പറഞ്ഞു.

ബിജെപിയില്‍ സിന്ധ്യക്ക് ബഹുമാനം ലഭിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. അവിടെ അദ്ദേഹത്തിന് സംതൃപ്തി തോന്നുകയില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. എന്റെ സുഹൃത്ത് തന്നെയായിരുന്നെങ്കിലും സിന്ധ്യയുടെ മനസിലുള്ളത് ഒന്നും അയാള്‍ പറയുന്നത് മറ്റൊന്നുമാണ്. ഇതാണ് വിത്യാസമെന്നും രാഹുല്‍ പറഞ്ഞു.

ഞാനിപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റല്ലെന്നും, എന്നാല്‍ യുവാക്കളോട് രാജ്യത്തിന്റെ സാമ്പക്കിക പ്രശ്‌നത്തെ കുറിച്ചും സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും പറയാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും. രാജ്യം വലിയ ആപത്തിലേക്കാണ് പോകുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി ബുധനാഴ്ചയാണ് കോണ്‍ഗ്രസ് വിട്ട് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നിരുന്നത്. സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ സമയവും ക്ഷമയുമാണ് ഏറ്റവും ശക്തിയുള്ള പോരാളികളെന്നുള്ള ടോള്‍സ്‌റ്റോയിയുടെ വാക്കുകള്‍ രാഹുല്‍ വീണ്ടും ട്വീറ്റ് ചെയ്തിരുന്നു. ബിജെപിയില്‍ നിന്നും മധ്യപ്രദേശ് പിടിച്ചടക്കിയ കാലത്തെ കമല്‍നാഥിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമൊപ്പം രാഹുല്‍ ഗാന്ധി നില്‍ക്കുന്ന ചിത്രമാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. സമയം കടന്നു പോയപ്പോള്‍ ഒരു പോരാളി തോറ്റുപോയി എന്നാവാം ഇപ്പോള്‍ ട്വീറ്റ് പങ്കുവെക്കുന്നത്.