വൈറസുകളുടെ ചിത്രം പകര്‍ത്താന്‍ ചിലന്തി വല ഉപയോഗിച്ച് ലെന്‍സ് നിര്‍മ്മിച്ച് ഗവേഷകര്‍

തായ്‌പേയ്: ചിലന്തി വല ചിലന്തിക്ക് ഇരകളെ പിടിക്കാന്‍ മാത്രമല്ല മറ്റ് പലതിനും സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ചിലന്തി വല ഉപയോഗിച്ച് ജൈവീക ചര്‍ത്തിന്റെ ആന്തരിക ഭാഗം അതായത് ശരീര ചര്‍മത്തിനുള്ളിലെ ചിത്രങ്ങള്‍ ഉയര്‍ന്ന റസലൂഷനില്‍ പകര്‍ത്താന്‍ സാധിക്കുന്ന ലെന്‍സുകള്‍ ഇതുകൊണ്ട് നിര്‍മിക്കാം എന്നാണ് കണ്ടെത്തല്‍. അപ്ലൈഡ് ഫിസിക്‌സ് ജേണലിലെ പഠനത്തെ ആധാരമാക്കി ന്യൂസ് സൈന്റിസ്റ്റ്.കോം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തായ്‌വാനിലെ നാഷണല്‍ യങ്മിങ് സര്‍വകലാശാലയിലെ ചെങ്‌യങ് ലിയുവും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഡാഡി ലോങ് ലെഗ്‌സ് സ്‌പൈഡര്‍ എന്നറിയപ്പെടുന്ന ഫോല്‍കസ് ഫലാഞ്ജിയോയിഡ്‌സ് എന്ന ചിലന്തിയുടെ ഡ്രാഗ് ലൈന്‍ സില്‍ക്ക് ഉപയോഗിച്ച് ഒരു ലെന്‍സ് നിര്‍മിച്ചു. മൈക്രോമീറ്ററുകള്‍ മാത്രമാണ് ഈ ലെന്‍സിന്റെ വലിപ്പം. എകദേശം അരുണ രക്താണുക്കളുടെ അത്രത്തോളം വലിപ്പമുണ്ടാകും.

ഈ ലെന്‍സുകളില്‍ തിളങ്ങുന്ന ലേസര്‍ പ്രകാശം പതിപ്പിച്ച് ഗവേഷര്‍ പരീക്ഷിച്ചു. അപ്പോള്‍ അത് ഫോട്ടോണിക് നാനോജെറ്റ് എന്നറിയപ്പെടുന്ന ഒരുതരം രശ്മി പുറത്തുവിട്ടു. ലെന്‍സില്‍ നിന്നും വ്യത്യസ്ത ദൂരങ്ങളില്‍ ഫോക്കസ് ചെയ്യാന്‍ സാധിക്കുന്ന പ്രകാശത്തിന്റെ ഒരു നേര്‍ത്ത കിരണമാണിത്. ലെന്‍സിന്റെ വലിപ്പം വര്‍ധിപ്പിക്കാനും ഗവേഷകര്‍ക്ക് സാധിച്ചു.

ഇങ്ങനെ നിര്‍മിച്ച ലെന്‍സുകള്‍ കൊണ്ട് വൈറസുകള്‍ പോലെ അതി സൂക്ഷ്മ വസ്തുക്കളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുമെന്നും ജീവനുള്ള ചര്‍മത്തിന്റെ വിശദമായ ചിത്രം പകര്‍ത്താന്‍ സാധിക്കുമെന്നും ലിയു പറഞ്ഞു. വിഷാംശമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചതിനാല്‍ അവ സുരക്ഷിതമായി ശരീരത്തിനുള്ളില്‍ ഉപയോഗിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

SHARE