ഈ സ്‌കൂളിലെത്താന്‍ കുട്ടികള്‍ക്ക് അഭ്യാസം പഠിക്കണം

എന്‍.എസ്.അബ്ബാസ്

കോട്ടയം: ചുവട് ഒന്നു തെറ്റിയാല്‍ കരീമഠം യു.പി സ്‌കൂളിലെത്തേണ്ട കുട്ടികള്‍ തോട്ടില്‍ മുങ്ങിത്താഴും . തോടിന് കുറുകെയുള്ള പാലം നാശത്തിലെത്തിയിട്ട് വര്‍ഷങ്ങളായി . ദുര്‍ലാവസ്ഥയിലായ പാലത്തിലെ പലകകള്‍ ആകെ ദ്രവിച്ച് ഇല്ലാതായി. തെങ്ങിന്റെ മടലുകള്‍ ചെത്തിമിനുക്കിയാണ് പലകകള്‍ക്ക് പകരം കെട്ടി വച്ചിരിക്കുന്നത് . അതും നാശത്തിന്റെ വക്കില്‍. ചെളിക്കുണ്ട് നിറഞ്ഞ റോഡും താണ്ടി അപകടാവസ്ഥയിലായ പാലവും കടന്ന് വേണം കുട്ടികളടക്കമുള്ളവരുടെ യാത്ര. അയ്മനം പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട 140 ലേറെ കുടുംങ്ങള്‍ കരീമഠത്തില്‍ താമസിക്കുന്നുണ്ട്. വേമ്പനാട് കായലിന്റെ തീരപ്രദേശമായ ഈ കുട്ടനാടന്‍ മേഖലക്ക് അവഗണയുടെ കഥകള്‍ ഏറെയുണ്ട്. വികസനം എത്തിനോക്കാത്ത ഇവിടേക്ക് നല്ലൊരു റോഡ് എന്ന സ്വപ്‌നം പോലും ജനപ്രതിനിധികള്‍ നല്‍കുന്നില്ല. ചെളിക്കുണ്ട് നിറഞ്ഞ പാടശേഖരത്തിന്റെ പുറംബണ്ട് അശ്രയിച്ചാണ് കാല്‍ നട യാത്ര. അപകടം പതിയിരിക്കുന്ന പലക പാലങ്ങള്‍ അതും കടന്നാണ് കുട്ടനാട്ടുകാരുടെ പതിവ് യാത്രകളേറെയും.
കരീമഠം നിവാസികള്‍ക്ക് തങ്ങളുടെ മക്കള്‍ അപകടം കൂടാതെ സ്‌കൂളിലെത്തി എന്ന് ഉറപ്പിക്കണമെങ്കില്‍ കൂടെ പോയേ പറ്റൂ. 80 ഓളം കുട്ടികള്‍ പഠിക്കുന്ന കരീമഠം യു.പി സ്‌കൂളിന് അധികം ദൂരത്തല്ല പാലം . പാലം കടക്കാന്‍ കുട്ടികള്‍ വളരെ സൂക്ഷമത പുലര്‍ത്തണം. തെങ്ങിന്‍ പലകകള്‍ ദ്രവിച്ച് വിട്ടിളകിയത് കെട്ടിവെച്ച നിലയിലാണ്. അകന്ന പലകകളില്‍ കാല്‍ച്ചുവട് ഉറപ്പിച്ച് മുന്നോട്ട് നീങ്ങിയില്ലെങ്കില്‍ താഴെ വീഴും.അധികം കുട്ടികള്‍ കയറിയിറങ്ങുമ്പോള്‍ പാലം ഇളകുന്നുമുണ്ട്. ഗ്രാമ പഞ്ചായത്ത് ഇവിടെ പുതിയ പാലം നിര്‍മ്മിക്കാന്‍ നാലര ലക്ഷം അനുവദിച്ചിട്ടുണ്ടെങ്കിലും പാലം പണിക്ക് തുക തികയില്ല. കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും വേണം ആഗ്ലയര്‍ ഉറപ്പിച്ച് ഇരുമ്പു തകിടും ഉപയോഗിച്ചുള്ള പാലം നിര്‍മ്മിക്കാന്‍.എഞ്ചിനീയര്‍ എസ്റ്റിമേറ്റ് എടുത്ത് പോയതല്ലാതെ ഇവിടേക്ക് ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. പാലം നിര്‍മ്മാണത്തിന് ആവശ്യമായ തികയില്ലാത്തതിനാല്‍ കോണ്‍ട്രാക്ടര്‍ന്മാര്‍ അടുക്കുന്നില്ലെന്നാണ് കരീമഠത്തില്‍ ഹരിതാലയം ഹരിദാസ് പറയുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കാത്തതിനാല്‍ കഴിഞ്ഞതവണ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ വരെ തീരുമാനിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്ന് പിന്നീട് പിന്‍ന്മാറുകയായിരുന്നു. തോടിന് സമീപത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളിന് ചുറ്റുമതിലില്ല. കരിങ്കല്‍ ഉപയോഗിച്ച് സംരക്ഷണഭിത്തി കെട്ടി മതില്‍ നിര്‍മ്മിക്കേണ്ടത്. കുട്ടികളുടെ സുരക്ഷയ്ക്ക് ഏറെ അത്യാവശ്യമാണ്. എന്നാല്‍ ഇക്കാര്യം അധ്യാപകരോട് ചോദിച്ചാല്‍ കുട്ടികളല്ലെ,കുട്ടനാടെല്ലെ എല്ലാവര്‍ക്കും നീന്താനറിയം എന്ന മറുപടിയാകും കിട്ടുക. പാലത്തില്‍ നിന്ന് കുട്ടികള്‍ താഴെ വീണാല്‍ ചേറില്‍ പുതഞ്ഞ് മരണം വരെ സംഭവിക്കാം. എത്ര നീന്തല്‍ അറിയാമെന്ന് പറഞ്ഞിട്ടും രക്ഷയുണ്ടാകില്ലെന്ന് നാട്ടുകാര്‍ തന്നെ പറയുന്നു .കരീമഠത്തില്‍ ആകെയുള്ളത് യു പി സ്‌കൂളും ആയൂര്‍വേദ ഡിസ്പന്‍സറിയുമാണ്. ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയെയാണ് ആശ്രയിക്കുന്നത്.റോഡ് സൗകര്യമില്ലാത്തതിനാല്‍ വള്ളം ഉപയോഗിക്കും. നല്ല റോഡ് നിര്‍മ്മിച്ചാല്‍ എട്ട് കിലോമീറ്റര്‍ മതിയാകും എളുപ്പം എത്താം ആസ്പത്രിയില്‍. ഇതിനായി കാത്തിരിക്കയാണ് കരീമഠം നിവാസികള്‍.

SHARE