സ്‌കൂള്‍ തുറക്കല്‍ നീളുന്ന സാഹചര്യം; സിലബസ് കുറയ്ക്കും, പരീക്ഷകളില്‍ മാറ്റം വരുത്തും

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കല്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ പത്താം ക്ലാസ് വരെയുള്ള കേരള സിലബസ് വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിന് പുറമെ പരീക്ഷകള്‍, പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഘടനാമാറ്റത്തിനും സാധ്യതയേറുന്നു.

എന്‍സിഇആര്‍ടി മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും തീരുമാനം. ഇക്കാര്യങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് തയാറാക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാനും ആലോചനയുണ്ട്.വിദ്യാര്‍ത്ഥികള്‍ക്ക് അധ്യയനവര്‍ഷം നഷ്ടമാകാതെയുള്ള നടപടികള്‍ക്കായിരിക്കും പ്രധാന പരിഗണന. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കു നീറ്റ് ഉള്‍പ്പെടെ ദേശീയതലത്തിലുള്ള പരീക്ഷകളുള്ളതിനാല്‍ കേന്ദ്രനിര്‍ദേശങ്ങള്‍ പ്രകാരം തീരുമാനമെടുക്കും.

ശരാശരി 200 അധ്യയനദിവസമാണു വേണ്ടത് എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ഇത് സാധ്യമാകാത്തതിന്റെ പശ്ചാത്തലത്തില്‍ സിലബസിലെ 20% വെട്ടിക്കുറയ്ക്കുക, ക്രിസ്മസ്, ഓണം അവധി ദിവസങ്ങളുടെ എണ്ണം കുറയ്ക്കുക. എല്ലാ ശനിയാഴ്ച്ചകളും ക്ലാസുകള്‍ ഏര്‍പ്പെടുത്തുക, പാദവര്‍ഷ,അര്‍ധവര്‍ഷ പരീക്ഷകള്‍ മാറ്റിവെച്ച് വാര്‍ഷിക്കപ്പരീക്ഷ മാത്രം നടത്തുക എന്നിവയാണ് പ്രാഥമികമായി പരിഗണനയിലുള്ളത്.

SHARE