തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിലെ കോവിഡിന്റെ സ്ഥിതി വിലയിരുത്തിയ ശേഷമാകും സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓണത്തിനു ശേഷം തുറക്കാനാണ് ഇപ്പോഴത്തെ ആലോചനയെന്നു വിദ്യാഭ്യാസ വകുപ്പ് പറയുന്നു. എന്നാല്‍ ഓഗസ്റ്റിലെ വ്യാപനം കൂടി കണക്കിലെടുത്തേ അന്തിമതീരുമാനമുണ്ടാകൂ.
കേന്ദ്രസര്‍ക്കാര്‍ ജൂലൈവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് നീട്ടിക്കൊണ്ടുള്ള ഉത്തരവ് വരാനും സാധ്യതയുണ്ട്. മഹാരാഷ്ട്രപോലുള്ള ചില സംസ്ഥാനങ്ങള്‍ രോഗവ്യാപനമില്ലാത്ത ഗ്രാമങ്ങളിലെ സ്കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ട്. പക്ഷെ കേരളത്തലെ ജനസാന്ദ്രതയും ഗ്രാമനഗര വ്യത്യാസം വലുതായില്ലാത്ത ഭൂപ്രകൃതിയും കണക്കിലെടുത്ത് ഗ്രാമപ്രദേശങ്ങളില്‍മാത്രമായി സ്കൂളുകള്‍ തുറക്കുക സാധ്യമല്ല.
സ്കൂളുകള്‍ സെപ്റ്റംബറിലും തുറക്കാനായില്ലെങ്കില്‍ മാത്രമെ സിലബസ് വെട്ടിച്ചുരുക്കുന്നത് ആലോചിക്കൂ. ഇപ്പോഴത് പരിഗണനയില്‍ ഇല്ല. സ്കൂളുകള്‍ പലതും ഇപ്പോള്‍ ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്റ് സെന്ററുകളാണ്. മഴകനത്താല്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനും സ്കൂള്‍ കെട്ടിടങ്ങള്‍ ഉപയോഗിക്കേണ്ടിവരും. ഇങ്ങനെ ഉപയോഗിക്കുന്ന സ്കൂളുകളുടെ ശുചീകരണം, അണുനശീകരണം, അറ്റകുറ്റപണികള്‍ എന്നിവ പൂര്‍ത്തിയാക്കിയാലേ തുറക്കാനാകൂ.