പ്രതിശ്രുത വരനെ മര്‍ദിച്ച് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തു; ആറു പേര്‍ അറസ്റ്റില്‍

വര: മുഖ്താര്‍ ഉദരംപൊയില്‍

ഭുവനേശ്വര്‍: ഒഡിഷയിലെ ഗഞ്ചാം ജില്ലയില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു. ഭാവി വരനായ ചെറുപ്പക്കാരനൊപ്പം ക്ഷേത്രത്തില്‍ നിന്നു മടങ്ങവെ വിജനമായ സ്ഥലത്തു വെച്ചായിരുന്നു ക്രൂരകൃത്യം. പെണ്‍കുട്ടിയുടെയും പ്രതിശ്രുത വരന്റെയും പരാതിയെ തുടര്‍ന്ന് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: ഗഞ്ചാം ജില്ലയിലെ ഭഞ്ചാനഗര്‍ സ്വദേശിനിയും പ്ലസ് ത്രീ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടി പ്രതിശ്രുത വരനൊപ്പം ബുധകേന്ദു തക്കുറാണി ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയി. ക്ഷേത്രത്തില്‍ തൊഴുത് കാട്ടിലൂടെ മടങ്ങുന്നതിനിടെ രണ്ട് ബൈക്കുകളിലായെത്തിയ ആറംഗം സംഘം ഇവരെ തടയുകയായിരുന്നു.
ചെറുപ്പക്കാരനെ മര്‍ദിച്ചവശനാക്കി അടുത്തുണ്ടായിരുന്ന കശുവണ്ടി തോട്ടത്തില്‍ കൊണ്ടു പോയതിനു ശേഷം പെണ്‍കുട്ടിയെ ഓരോരുത്തരായി ബലാത്സംഗം ചെയ്തു. എതിര്‍ത്തു നിന്ന പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. അക്രമികള്‍ ചിലര്‍ ബലാത്സംഗം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെയും ചെറുപ്പക്കാരന്റെയും മൊബൈല്‍ ഫോണുകളും മറ്റു വസ്തുക്കളും അക്രമികള്‍ കവരുകയും ചെയ്തു.

പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുമെന്നും പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും ഗഞ്ചാം പൊലീസ് സൂപ്രണ്ട് ആശിഷ് സിങ് പറഞ്ഞു.