ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; കയ്യടിനേടി ബെസ്റ്റ് ആക്ടര്‍-ആക്ഷന്‍-നെഗറ്റീവ്-ഡ്രാമ റോളുകള്‍

ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ ഇന്ന് നടന്ന ചരിത്രപരമായ ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ
പ്രവര്‍ത്തനത്തിനപ്പുറം അഭിനയ മികവില്‍ വാര്‍ത്തകളില്‍ നിറയുന്ന രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെ പ്രകടന മികവിന് അവാര്‍ഡ് പ്രഖ്യാപിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി. അക്കാദമി അവാര്‍ഡില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി വീഡിയോ രൂപത്തില്‍ ഓസ്‌കാര്‍അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

അഭിനയ മികവിന്റെ വ്യത്യസ്ത മേഖലകളായ ആക്ഷന്‍, നെഗറ്റീവ്, കോമഡി, ഡ്രാമ എന്നീ റോളുകള്‍ക്കാണ് പ്രഖ്യാപനം നടന്നത്.
ഹാസ്യ വേഷത്തിലെ മികച്ച നടന്‍ മുതല്‍ ആക്ഷന്‍ റോളിലെ മികച്ച നടന്‍ വരെയുള്ള മത്സരങ്ങളില്‍ എതിര്‍ പാര്‍ട്ടികളിലെ നിരവധി രാഷ്ട്രീയ നേതാക്കള്‍ നോമിനേറ്റ് ചെയ്യപ്പെട്ടു.

ആക്ഷന്‍ റോളില്‍ പ്രധാനമന്ത്രി മോദിയാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രജ്ഞാ താക്കൂര്‍, യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ മത്സര രംഗത്ത് നോമിനികളായുണ്ടായിരുന്നു. എന്നാല്‍ പ്രകടനത്തിലെ 56 ഇഞ്ചും, വിയര്‍പ്പും, കണ്ണീരുമാണ് മോദിക്ക് അവാര്‍ഡ് നേടികൊടുത്തതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
ആക്ഷന്‍ റോളിലെ മികച്ച നടനുള്ള നോമിനികളേയും വിജയികളേയും കാണാം.

നെഗറ്റീവ് റോളിലെ മികച്ച നടനുള്ള മത്സരത്തില്‍ അമിത് ഷാ, യോഗി ആദിത്യനാഥ്, അനുരാഗ് താക്കൂര്‍ എന്നിവരാണ് നാമനിര്‍ദ്ദേശം ചെയ്തത്. എന്നാല്‍ ആഭ്യന്തരമന്ത്രി അവാര്‍ഡ് സ്വന്തമാക്കി. ‘ഗബ്ബര്‍ സിങ്ങും മൊഗാംബോയും പഴയകാല ഭീഷണികളാണെങ്കില്‍’ ന്യൂ ഇന്ത്യ കൊണ്ടുവരുന്ന ഒരു പുതിയ കൂട്ടം വില്ലന്മാരാണിവരെന്ന് കാണിച്ചാണ് അവാര്‍ഡ് പ്രഖ്യാപനം നടന്നത്.

ചെറിയ നാടകം ഇല്ലാതെ എന്താണ് രാഷ്ട്രീയം, മികച്ച അഭിനയ നടനുള്ള പുരസ്‌കാരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് നേടിയത്.
കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി നടത്തിയ അവാര്‍ഡ് പ്രഖ്യാപനം ഇതിനകം വൈറലായിട്ടുണ്ട്.