മുസ്ലിം സ്ത്രീ പള്ളിപ്രവേശം; ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകള്‍ക്ക് നമസ്‌കരിക്കുന്നതിനായി പള്ളികളില്‍ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാ സഭ കേരള ഘടകം പ്രസിഡന്റ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. ഹര്‍ജിയിലെ ഉദ്ദേശ്യ ശുദ്ധി നല്ലതല്ലെന്ന് കോടതി നിരീക്ഷിച്ചു. ദുരുദ്ദേശപരവും തരംതാണ പ്രശസ്തി ഉദ്ദേശിച്ചുമുള്ള ഹര്‍ജിയാണെന്ന കേരള ഹൈക്കോടതിയുടെ നിലപാടിനോടു യോജിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു സ്വാമി ദത്താത്രേയ സ്വാമി സ്വരൂപ് നാഥ് ഹര്‍ജി നല്‍കിയത്. പര്‍ദ സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ദുരുപയോഗ സാധ്യത കൂടുതലുള്ള വസ്ത്രധാരണയാണെന്നും ഹര്‍ജിയിലുണ്ടായിരുന്നു. എന്നാല്‍ പ്രശ്‌നത്തില്‍ ഹര്‍ജിക്കാരന് എന്താണു കാര്യമെന്നും പ്രശ്‌നം നേരിടുന്നവര്‍ കോടതിയെ സമീപിക്കട്ടെയെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

SHARE