‘പ്രശ്‌നമുണ്ടെന്ന് അറിയാം’; ഷഹീന്‍ബാഗ് തെരഞ്ഞെടുപ്പിന് ശേഷം തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ഷഹീന്‍ ബാഗില്‍ രാപ്പകല്‍ പ്രതിഷേധം നടത്തുന്നവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗില്‍ പ്രതിഷേധക്കുന്നവരെ നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് (ഫെബ്രുവരി 10) മാറ്റിവെച്ചത്. ഫെബ്രുവരി എട്ടിന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കു്ന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സുപ്രീംകോടതി ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഫെബ്രുവരി എട്ടിന് ഡല്‍ഹി തെരഞ്ഞെടുപ്പ് നടക്കുമെന്നും അതിനാല്‍ ഇക്കാര്യം അടിയന്തിരമായി കേള്‍ക്കണമെന്നും അഭിഭാഷകരിലൊരാള്‍ ആവശ്യപ്പെട്ടപ്പോളാണ് ഹര്‍ജി കേള്‍ക്കുന്നത് സംബന്ധിച്ച ബെഞ്ച് കാര്യം വ്യക്തമാക്കിയത്. ‘തെരഞ്ഞെടുപ്പിന് മുമ്പ് എന്തിനാണ് ഞങ്ങള്‍ ഇത് കേള്‍ക്കുന്നതെന്നു എന്തിന് തെരഞ്ഞെടുപ്പിന് സ്വാധീനിക്കണമെന്നും,’ എന്ന് സഞ്ജയ് കിഷന്‍ കൗള്‍ കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് തിരിച്ചുചോദിച്ചു.
ഇതുകൊണ്ടാണ് ഹര്‍ജി തിങ്കളാഴ്ച കേള്‍ക്കാമെന്ന് പറയുന്നത്. ‘പ്രശ്‌നമുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇതൊരു പ്രധാന വിഷയമാണെന്ന് ഞങ്ങൾക്ക് അറിയാം.  അതെല്ലാം തിങ്കളാഴ്ച പരിഗണിക്കും. അപ്പോഴേക്കും സ്ഥിതിഗതികള്‍ മെച്ചപ്പെടും,’ ബെഞ്ച് വ്യക്തമാക്കി. ബിജെപി നേതാവും മുൻ ഡൽഹി എംഎൽഎയുമായ നന്ദ കിഷോർ ഗാർഗ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനെതിരെയും ഷഹീന്‍ ബാഗില്‍ നൂറുകണക്കിന് സ്ത്രീകള്‍ ഒരു മാസത്തിലേറെയായി സമാധാനപരമായി സമരമിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 മുതലാണ് പ്രതിഷേധം ആരംഭിച്ചത്. എന്നാല്‍ ഇവര്‍ക്കെതിരെ പലതരത്തിലുള്ള പ്രകോപന പ്രസംഗങ്ങളും വെടിവെപ്പടക്കം അക്രമങ്ങളും നടന്നിരുന്നു.

ഡല്‍ഹി നിയമസഭാ തെരഞ്ഞെപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണ റാലികളില്‍ വികസനങ്ങളും പദ്ധതികളും ഒഴുവാക്കി വര്‍ഗീയത മാത്രം ഉയര്‍ത്തിയായിരുന്നു ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍.

വര്‍ഗീയ കാര്‍ഡിറക്കി പരിധിവിട്ട ആരോപണങ്ങളുമായി നിരവധി ബിജെപി നേതാക്കള്‍ ഷഹീന്‍ ബാഗിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഷഹീന്‍ ബാഗ് പോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. പിന്നാലെ വെടുവെക്കാനുള്ള ആഹ്വാനവുമായി കേന്ദ്രമന്ത്രി അനുരാക് ടാക്കൂറും രംഗത്തെത്തി. തുടര്‍ന്നാണ് ഡല്‍ഹിയില്‍ തീവ്രവാദികളുടെ വെടിപ്പുണ്ടായത്.

ഹീന്‍ ബാഗ് ചാവേര്‍ ആക്രമണത്തിന് പരിശീലനം നല്‍കുന്ന ഇടമാണെന്നും രാജ്യ തലസ്ഥാനത്ത് രാജ്യത്തിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഷഹീന്‍ ബാഗ്, ജാമിയ, സീലാംപൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇത്തരം ആരോപണങ്ങളോടെല്ലാം സമാധാന സമരത്തിലൂടെ പ്രതിഷേധിച്ചാണ് ഷഹീന്‍ബാഗ് മുന്നേറുന്നത്.