കശ്മീരിലെ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുളള വിലക്ക്; ഹര്‍ജികളില്‍ സുപ്രീകോടതി വിധി കാലത്ത് 10.30ന്

ന്യൂഡല്‍ഹി: പ്രത്യേക ഭരണഘടനാ പദവിയായ ആര്‍ട്ടികിള്‍ 370 എടുത്തു കളഞ്ഞതിനു പിന്നാലെ ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ആഗസ്റ്റ് 5 മുതല്‍ തുടരുന്ന ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍. വെള്ളിയാഴ്ച കാലത്ത് 10.30ന് ജസ്റ്റിസ് എന്‍.വി രാമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുക.

വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ വിഛേദിച്ചത്, ഇന്റര്‍നെറ്റ് ബന്ധം റദ്ദാക്കിയത്, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെ മാസങ്ങളായി കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നത് തുടങ്ങിയ വിഷയങ്ങളിലാണ് കോടതി വിധി പറയുക. ജസ്റ്റിസുമാരായ സുഭാഷ് റെഡ്ഡി, ബി.ആര്‍ ഗവായ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധാ ഭാസിന്‍ തുടങ്ങിയവരാണ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.