രാഹുല്‍ഗാന്ധിയുടെ വിജയം റദ്ദാക്കണം; സരിതയുടെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുക.

രാഹുലിനെതിരെ വയനാട്ടിലും അമേഠിയിലും സരിത പത്രിക നല്‍കിയിരുന്നു. വയനാട് മണ്ഡലത്തിലെ പത്രിക പത്രിക വരണാധികാരി തള്ളിയിരുന്നു. സോളാര്‍ കേസില്‍ സരിതയെ കോടതി ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തള്ളിയത്. എന്നാല്‍ അമേഠി മണ്ഡലത്തില്‍ നല്‍കിയ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തു. വയനാട്ടിലെ പത്രിക തള്ളിയ നടപടിയില്‍ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് ആവശ്യം.

സരിതയുടെ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് ഹര്‍ജിയായതിനാല്‍ സുപ്രിംകോടതി രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചേക്കും. 431770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട് മണ്ഡലത്തില്‍ രാഹുല്‍ വിജയിച്ചത്. അമേഠിയില്‍ പച്ചമുളക് ചിഹ്നത്തില്‍ മത്സരിച്ച സരിത നേടിയത് 569 വോട്ടായിരുന്നു.

SHARE