ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: മരടിലെ ഫ്‌ലാറ്റുകള്‍ക്ക് പിന്നാലെ തീരദേശ പരിപാലന നിയമം ലംഘിച്ച് നിയമിച്ച കേരളത്തിലെ മറ്റൊരു റിസോര്‍ട്ട് കൂടി പൊളിച്ചു കളയാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലില്‍ ഉള്ള നെടിയത്തുരുത് ദ്വീപില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു കളയാനാണ് സുപ്രീംകോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.

തീരദേശപരിപാലന നിയമം ലംഘിച്ച് അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ചു കളയാന്‍ നേരത്തെ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധിക്കെതിരെ റിസോര്‍ട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീംകോടതി ഉത്തരവ് വന്നിരിക്കുന്നത്.

ജസ്റ്റിസ് ആര്‍. എഫ് നരിമാന്‍ അധ്യക്ഷന്‍ ആയ ബെഞ്ച് ആണ് കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു കളയണമെന്ന് വിധിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലില്‍ ഉള്ള നെടിയത്തുരുത് ദ്വീപില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച റിസോര്‍ട്ട് പൊളിച്ച് നീക്കണം എന്ന് 2013ല്‍ ആണ് ഇപ്പൊള്‍ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് കെ.എം ജോസഫിന്റെ നേതൃത്വത്തില്‍ ഉള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

തീരദേശ നിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച നാല് ഫ്‌ളാറ്റുകള്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിപുലമായ തയ്യാറെടുപ്പുകളോടെ സംസ്ഥാന സര്‍ക്കാര്‍ പൊളിച്ചു കളയാന്‍ ഒരുങ്ങുകയാണ്. ഇതിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് മറ്റൊരു റിസോര്‍ട്ട് കൂടി പൊളിച്ചുകളയാനുള്ള വഴിയൊരുങ്ങുന്നത്.