ന്യൂഡല്‍ഹി: എന്‍ആര്‍സി നടപ്പാക്കിയ അസമില്‍ പൗരത്വം തെളിയിക്കാന്‍ കഴിയാതെ പോയ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തി തടങ്കല്ക്യാമ്പുകളിലേക്ക് കൊണ്ടുപോയെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഇതിനകം 60 കുട്ടികളെ ഇത്തരത്തില്‍ ബലമായി മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തി ക്യാമ്പുകളിലേക്ക് മാറ്റിയതായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മാതാപിതാക്കളുടെ പൗരത്വം തെളിയിക്കാന്‍ കഴിഞ്ഞെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ ഉദ്യോഗസ്ഥര്‍ ഇവരുടെ മക്കള്‍ക്ക് പൗരത്വ പട്ടികയില്‍ ഇടം നല്‍കിയില്ല. ഇത്തരം കുട്ടികളെയാണ് പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത്. അസമില്‍ ഇത്തരം കുടുംബങ്ങള്‍ തങ്ങളുടെ മക്കളെ കുറിച്ച് വിവരം ഒന്നുമറിയാതെ കണ്ണീരോടെ അലയുകയാണ്. എന്‍.ആര്.സി പട്ടികയില്‍ ഉള്‍പ്പെടാത്ത 60 കുട്ടികളെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് സുപ്രീം കോടതി വിശദീകരണം തേടി. നാലാഴ്ചക്കകം സംഭവത്തില്‍ വിശദീകരണം അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഡിറ്റന്‍ഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയ 60 കുട്ടികളുടേയും മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരന്മാരാണെന്നും എ്ന്നാല്‍ സാങ്കേതികത്വത്തിന്റെ പേരില്‍ കുട്ടികള്‍ എന്‍.ആര്.സി പട്ടികയില്‍ ഉള്‍പ്പെടാത്തതിന്റെ പേരിലാണ് ഇവരെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് എന്‍.ആര്.സി ട്രൈബ്യൂണലില്‍ ഇവരുടെ കേസ് തീര്‍പ്പാകുന്നത് വരെ മാതാപിതാക്കള്‍ എന്‍.ആര്.സി പട്ടികയില്‍ ഉള്‍പ്പെട്ട കുട്ടികളെ അവര്‍ക്കൊപ്പം താമസിക്കാനും അനുവാദം നല്കി.
എന്നാല്‍ സുപ്രീം കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ ഇത്തരത്തില്‍ കുട്ടികളെ ഇപ്പോള്‍ മാറ്റിയിട്ടില്ല എന്ന വിചിത്ര മറുപടിയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞത്. അസമിലെ പൗരവകാശ സംഘടനയാണ് കുട്ടികളെ തടങ്കല്‍ പാളയത്തിലേക്ക് മാറ്റിയ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 60 കുട്ടികളുടെ കാര്യത്തില്‍ അവരുടെ മാതാപിതാക്കളുടെ രേഖകള്‍ സ്വീകരിക്കുകയും കുട്ടികളുടേത് തള്ളുകയുമാണ് ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് ഈ കുട്ടികളെ ഉദ്യോഗസ്ഥര്‍ ബലമായി മാതാപിതാക്കളില്‍ നിന്ന് ഏറ്റെടുത്ത് ക്യാമ്പുകളിലേക്ക് മാറ്റിയതായും ഹര്‍ജിയില്‍ പറയുന്നു.
മനുഷ്യവകാശങ്ങളുടെയും കുട്ടികളുടെ അവകാശങ്ങളുടെയും അതിക്രൂരമായ ലംഘനമാണ് ഇതെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. എന്നാല്‍ കുട്ടികളെ ഇത്തരത്തില്‍ തടങ്കല്ക്യാമ്പുകളിലേക്ക് അയച്ചോ എന്ന കാര്യത്തില്‍ കോടതിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാന് കെ. കെ വേണുഗോപാലിന് കഴിഞ്ഞില്ല. പകരം തത്കാലം അങ്ങനെ ചെയ്യില്ല എന്ന ഒഴുക്കന്‍ മറുപടിയാണ് കേന്ദ്ര സര്‍ക്കാര്‍ അറ്റോര്‍ണി ജനറല്‍ പറഞ്ഞത്. കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തി ക്യാമ്പുകളില്‍ പാര്‍പ്പിക്കില്ലെന്ന് ഉറപ്പ് നല്കാന് അറ്റോര്‍ണി ജനറല്‍ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. ഇക്കാര്യത്തില്‍ നാലാഴ്ചക്കകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്കി.