മധ്യപ്രദേശ്; ബി.ജെ.പിയുടെ ഹര്‍ജി പരിഗണിക്കുന്നത് നാളേക്ക് മാറ്റി

ഭൂരിപക്ഷം തെളിയിക്കാനായി 12 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ബി.ജെ.പി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളേക്ക് മാറ്റി. നാളെ രാവിലെ 10.30 ന് വാദം കേള്‍ക്കുമെന്നാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചത്.

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മധ്യപ്രദേശ് നിയമസഭാ സമ്മേളനം മാര്‍ച്ച് 26 വരെ മാറ്റിവെച്ച സംഭവത്തിലായിരുന്നു ബിജെപി സുപ്രീംകോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി കമല്‍നാഥ് നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാറിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശ്വാസ വോട്ടെടുപ്പ് നടക്കാതെ വന്നതോടെയാണ് ബി.ജെ.പി സുപ്രീംകോടതിയില്‍ പോയത്.

നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടാണ് ബി.ജെ.പി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടു തേടണം എന്നാണ് ബി.ജെ.പി ആവശ്യപ്പെട്ടിട്ടുള്ളത്. ബിജെപി പ്രതീക്ഷിച്ച ഭരണ അട്ടിമറി നടക്കാതെ സഭാ നടപടികള്‍ മാറ്റിവച്ചതോടെ മധ്യപ്രദേശിലെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് 10 ദിവസത്തെ വിലപ്പെട്ട സമയമാണ് ലഭിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തെ ഭരണ പ്രതിസന്ധി മറിക്കടക്കാന്‍ കമല്‍നാഥ് സര്‍ക്കാറിനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍

SHARE