കള്ളപ്പണ നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കള്ളപ്പണ നിരോധന നിയമത്തിലെ ജാമ്യത്തിനുള്ള കര്‍ശന ഉപാധികള്‍ സുപ്രീം കോടതി റദ്ദാക്കി. ഇവ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കള്ളപ്പണ ഇടപാടുകളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് ശിക്ഷ നല്‍കാന്‍ ഏറ്റവും സഹായകരമായ വ്യവസ്ഥകളാണിതെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദത്തിനേറ്റ കനത്ത തിരിച്ചടി കൂടിയാണ് സുപ്രീം കോടതിയുടെ വിധി. ജസ്റ്റിസ് രോഹിന്‍ടണ്‍ എഫ് നരിമാന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കള്ളപ്പണ നിരോധന നിയമത്തിലെ 45-ാം വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ഉത്തരവിട്ടത്. കേസില്‍ അകപ്പെടുന്നവര്‍ക്ക് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. പബ്ലിക് പ്രോസിക്യൂട്ടറെ കേള്‍ക്കാതെ ജാമ്യം നല്‍കരുത് എന്നതും കേസില്‍ കുറ്റാരോപിതരായവര്‍ നിരപരാധിയാണെന്ന് കോടതിക്ക് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ മാത്രമേ ജാമ്യം നല്‍കാവൂ എന്നതുമാണ് രണ്ട് വ്യവസ്ഥ.കള്‍. ഈ വ്യവസ്ഥകള്‍ ജാമ്യനിഷേധത്തിന് മാത്രമേ വഴിവെക്കൂവെന്ന് പറഞ്ഞ കോടതി ജാമ്യം നിയമവും ജയില്‍ അപവാദവുമാകണമെന്ന പ്രമാണം ഈ വ്യവസ്ഥ പ്രകാരം ജയില്‍ നിയമവും ജാമ്യം അപവാദവുമായി മാറിയെന്നും ചൂണ്ടിക്കാട്ടി. 45-ാം വ്യവസ്ഥയുടെ സാധുത ചോദ്യം ചെയ്തു സമര്‍പ്പിച്ച ഒരു പറ്റം ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കുകയായിരുന്നു കോടതി. ഈ വ്യവസ്ഥ പ്രകാരം കീഴ്‌ക്കോടതികള്‍ ജാമ്യം നിഷേധിച്ച മുഴുവന്‍ ഹര്‍ജികള്‍ വീണ്ടും മുമ്പ് വെച്ച ഉപാധികളില്ലാതെ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മാന്‍ഗോ ജ്യൂസ് മെഡിക്കല്‍