ഗോവയില്‍ 88 ഖനികള്‍ക്കുള്ള സര്‍ക്കാര്‍ അനുമതി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച ഗോവയിലെ 88 ഇരുമ്പയിര് ഖനികളുടെ അനുമതി സുപ്രീംകോടതി റദ്ദാക്കി. ബി.ജെ.പി സര്‍ക്കാര്‍ 2015ല്‍ പുതുക്കി നല്‍കിയ ലൈസന്‍സാണ് ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് റദ്ദ് ചെയ്തത്. ഗോവ ഫൗണ്ടേഷന്‍ എന്ന സംഘടന നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും കോടതി ഉത്തരവിട്ടു.

നിയമം മറികടന്ന് ഖനനം നടത്തിയതിന് പാട്ടക്കാരില്‍നിന്ന് പിഴയീടാക്കാനും നിര്‍ദേശമുണ്ട്. ഈടാക്കുന്നതിനുള്ള പിഴ കണക്കുകൂട്ടുന്നതിനായി അന്വേഷണ സംഘത്തില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരെയും ഉള്‍പ്പെടുത്തണം. പാട്ടക്കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പുതിയതായി അപേക്ഷ നല്‍കിയ ഖനന കമ്പനികള്‍ക്ക് മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചട്ടങ്ങള്‍ മറികടന്നാണ് പുതിയ അനുമതി നല്‍കിയതെന്ന് കോടതി കണ്ടെത്തി. നിലവിലുള്ള നിയമവും കോടതിയുടെ മുന്‍ ഉത്തരവും മറികടന്നാണ് സര്‍ക്കാര്‍ പാട്ടം നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.

നിയമപ്രകാരം ഖനികളുടെ പാട്ടകരാര്‍ 2020 വരെ നീട്ടിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഖനനം സംബന്ധിച്ച് പുതിയ നിയമം നിലവില്‍വരുന്നതിന് ദിവസങ്ങള്‍ മുന്‍പാണ് സര്‍ക്കാര്‍ പുതിയ ലൈസന്‍സുകള്‍ അനുവദിച്ചത്. 2007മുതല്‍ മുന്‍കാല പ്രബല്യത്തോടെ 20 വര്‍ഷത്തേക്കാണ് രണ്ടാം ഘട്ടത്തില്‍ ലൈസന്‍സ് അനുവദിച്ചത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് നടപടിക്രമങ്ങള്‍ നടന്നതെന്ന് ഗോവ ഫൗണ്ടേഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അഡ്വ. പ്രശാന്ത് ഭൂഷണാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായത്. വീണ്ടും അപേക്ഷ ക്ഷണിച്ച്, പുതിയതായി നിലവില്‍വന്ന നിയമത്തിന്‍കീഴില്‍ വേണം പുതിയ ലൈസന്‍സുകള്‍ നല്‍കേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇരുമ്പയിര് ഖനനത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് ഗോവ. പ്രതിവര്‍ഷം 50 മില്ല്യണ്‍ ടണ്‍ ഇരുമ്പയിര് ഗോവയില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്.

SHARE