ഷഹീന്‍ബാഗ് വിഷയത്തില്‍ തീര്‍പ്പു കല്‍പിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗങ്ങള്‍ ഇവരാണ്

ഷാഹീന്‍ബാഗ് വിഷയത്തില്‍ ഒരു പരിഹാരം കാണാന്‍ വേണ്ടി സുപ്രീംകോടതി നിയോഗിച്ചിരിക്കുന്നത് ഒരു മൂന്നംഗ സംഘത്തെയാണ്. സീനിയര്‍ അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധനാ രാമചന്ദ്രന്‍, മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും മുമ്പ് ദേശീയ ന്യൂനപക്ഷകമ്മീഷന്റെ തലവനുമായിരുന്ന വജാഹത്ത് ഹബീബുള്ള തുടങ്ങിയവരാണ് ഈ പ്രശ്‌നം ‘പറഞ്ഞു’ തീര്‍ക്കാന്‍ കോടതി നിയോഗിച്ചിരിക്കുന്ന മധ്യസ്ഥര്‍. ഇവരാണ് സര്‍ക്കാരിനും പ്രതിഷേധക്കാര്‍ക്കുമിടയില്‍ ആഴ്ചകളായി നിലനില്‍ക്കുന്ന ഷാഹീന്‍ബാഗിലെ പ്രശ്‌നം പരിഹരിക്കാന്‍ ചുമതലപ്പെട്ടിരിക്കുന്നവര്‍.

തെക്കന്‍ ഡല്‍ഹിയെയും നോയിഡയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ ജി ഡി ബിര്‍ള മാര്‍ഗ് ഉപരോധിച്ച് അവിടെ റോഡില്‍ പന്തലിട്ടുകൊണ്ടാണ് ഷാഹീന്‍ ബാഗില്‍ നൂറുകണക്കിന് സ്ത്രീകള്‍ രാപകല്‍ സമരം ചെയ്യുന്നത്. അവരോട് കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും, അവര്‍ക്ക് പറയാനുള്ള പരാതികളും പരിഭവങ്ങളും ക്ഷമയോടെ കേട്ടിരുന്ന്, അവര്‍ക്കും സര്‍ക്കാരിനും ഇടയില്‍ നിലനില്‍ക്കുന്ന ഇപ്പോഴത്തെ കലുഷിതമായ സാഹചര്യം ഒഴിവാക്കാനുമാണ് കോടതി ഇവരെ നിയോഗിച്ചിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടു മാസത്തോളമായി ഈ വഴിക്കുള്ള ഗതാഗതം തടഞ്ഞു കൊണ്ട് നടക്കുന്ന സമരത്തില്‍ കോടതി ഒടുവില്‍ ഇടപെട്ടു നടപടി സ്വീകരിക്കുകയായിരുന്നു. സമരക്കാരെ ഒഴിപ്പിക്കണം എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് നിരസിച്ചുകൊണ്ടാണ്, പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കാന്‍ വേണ്ട ചര്‍ച്ചകള്‍ ചെയ്യാന്‍ വേണ്ടി മൂന്നംഗ മധ്യസ്ഥ സംഘത്തെ നിയോഗിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവുണ്ടായത്.

അഡ്വ. സഞ്ജയ് ഹെഗ്‌ഡെ

ഈ പേര് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ട്വിറ്ററുമായി നടന്ന ഒരു തര്‍ക്കത്തിന്റെ പേരില്‍ അദ്ദേഹം മാധ്യമങ്ങളുടെ ഒന്നാം പേജില്‍ തന്നെ ഇടം പിടിച്ചിരുന്നു. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനാണ് സഞ്ജയ് ഹെഗ്‌ഡെ. ഹിറ്റ്‌ലര്‍ക്കെതിരെ ഓഗസ്റ്റ് ലാന്‍ഡ്‌മെസ്സര്‍ എന്ന സൈനികന്‍ ഒറ്റയ്ക്ക് നടത്തിയ പ്രതിഷേധത്തിന്റെ അതിപ്രസിദ്ധമായ ചരിത്രചിത്രം തന്റെ പ്രൊഫൈലിന്റെ കവറാക്കി എന്ന പേരിലാണ്, മീഡിയാ പോളിസിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന കാരണം കാട്ടിക്കൊണ്ട് ഹെഗ്‌ഡെയുടെ അക്കൗണ്ട് റദ്ദാക്കപ്പെടുന്നത്. ആദ്യതവണ റദ്ദാക്കപ്പെട്ടതിനു ശേഷം പ്രതിഷേധങ്ങളെത്തുടര്‍ന്ന് ട്വിറ്റര്‍ ഹാന്‍ഡില്‍ പുനഃസ്ഥാപിക്കപ്പെട്ടു. അടുത്തനിമിഷം ഹെഗ്‌ഡെ വീണ്ടും അതേ ചിത്രം കവറാക്കി . എന്നാല്‍, ഹെഗ്‌ഡെ വീണ്ടും കവര്‍ ചിത്രമായി അതേ ഫോട്ടോ അപ്‌ലോഡ് ചെയ്തതിന് പിന്നാലെ ട്വിറ്റര്‍ അദ്ദേഹത്തിന്റെ ഹാന്‍ഡില്‍ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. ഹെഗ്‌ഡെ അപ്‌ലോഡ് ചെയ്ത ചിത്രം ‘വെറുപ്പ് പ്രചരിപ്പിക്കുന്ന ഒന്നാണെന്ന് ട്വിറ്ററും അല്ലെന്ന് ഹെഗ്‌ഡെ അടക്കമുള്ളവരും അന്ന് പറഞ്ഞിരുന്നു.കശ്മീര്‍ ഹേബിയസ് കോര്‍പ്പസ്, ആരേ കോളനി മരം വെട്ട് തുടങ്ങിയ പല സെന്‍സിറ്റീവ് കേസുകളിലും വക്കാലത്തേറ്റെടുത്തിട്ടുള്ള ഹെഗ്‌ഡെ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള തന്റെ നിലപാടുകൊണ്ട് ശ്രദ്ധേയനായ ഒരു നിയമജ്ഞനാണ്. മുംബൈ സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍എം എടുത്തിട്ടുള്ള അദ്ദേഹം സുപ്രീം കോടതിയിലെ ഒരു മുതിര്‍ന്ന അഭിഭാഷകനാണ്.

അഡ്വ.സാധന രാമചന്ദ്രന്‍

അഡ്വ.സാധന രാമചന്ദ്രന്‍ സുപ്രീം കോടതിയിലെ ഒരു മുതിര്‍ന്ന അഭിഭാഷകയാണ്. മുമ്പ് ദില്ലി ഹൈക്കോടതി റെസൊല്യൂഷന്റെ ആര്‍ബിട്രേഷന്‍ വിഭാഗത്തിന്റെ അധ്യക്ഷയായി പ്രവര്‍ത്തിച്ച പരിചയവും അവര്‍ക്കുണ്ട്. അതായത് മുമ്പും മാധ്യസ്ഥ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വേണ്ടത്ര പരിചയമുള്ള വ്യക്തിയാണ് അവര്‍ എന്നര്‍ത്ഥം.

വജാഹത്ത് ഹബീബുള്ള

ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ മുന്‍ ചെയര്‍മാന്‍ ആയിരുന്ന വജാഹത്ത് ഹബീബുള്ള 1968 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. മുമ്പ് അദ്ദേഹം ഇന്ത്യയുടെ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓഗസ്റ്റ് 2005 ലാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചത്. സെന്റ് സ്റ്റീഫന്‍സിലും ഡല്‍ഹി സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഉന്നത പഠനം കഴിഞ്ഞ ശേഷമാണ് അദ്ദേഹം സിവില്‍ സര്‍വീസിലേക്ക് പ്രവേശിക്കുന്നത്. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഒരു എഴുത്തുകാരന്‍ കൂടിയാണ് വജാഹത് ഹബീബുള്ള ഐഎഎസ്.

SHARE