ഭവന, വാഹന വായ്പാ നിരക്കുകളില്‍ നേരിയ കുറവ് വരുത്തി എസ്.ബി.ഐ

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഇന്ത്യ(എസ്.ബി.ഐ) ഭവന, വാഹന വായ്പാ നിരക്കുകളില്‍ നേരിയ കുറവ് വരുത്തി. അഞ്ച് ബേസിസ് പോയിന്റിന്റെ (ബി.പി. എസ്) കുറവാണ് വരുത്തിയത്. പുതുക്കിയ നിരക്ക് നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതായും എസ്.ബി.ഐ അറിയിച്ചു.

ഇതോടെ 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് 8.30 ശതമാനവും(നിലവില്‍ 8.35 ശതമാനം) വാഹന വായ്പാ പലിശ 8.75 ശതമാനം മുതല്‍ 9.20 ശതമാനം വരെയും (നിലവില്‍ 8.75 മുതല്‍ 9.25 ശതമാനം വരെ) ആയി ചുരുങ്ങും. യഥാര്‍ത്ഥ പലിശ നിരക്ക് വായ്പാ തുകയേയും ഉപഭോക്താവിന്റെ ക്രഡിറ്റ് സ്‌കോറിനെയും ആശ്രയിച്ചായിരിക്കും കണക്കാക്കുകയെന്ന് എസ്.ബി.ഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
അടിസ്ഥാന പലിശ നിരക്കില്‍ (എട്ട് ശതമാനം) മാറ്റം വരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ പുതുതായി വായ്പ എടുക്കുന്നവര്‍ക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കൂ. നിലവിലുള്ള വായ്പകള്‍ക്ക് ഇളവ് ലഭിക്കില്ല. ഭവന, വാഹന വായ്പാ വിപണിയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഇതിലൂടെ എസ്.ബി.ഐ മുന്നോട്ടുവെക്കുന്നതെന്ന് റീട്ടെയില്‍ ആന്റ് ഡിജിറ്റല്‍ ബാങ്കിങ് മാനേജിങ് ഡയരക്ടര്‍ പി.കെ ഗുപ്ത പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ പലിശ നിരക്ക് കുറച്ചതോടെ, ഇതിന്റെ ചുവടു പിടിച്ച് കൂടുതല്‍ ബാങ്കുകള്‍ പലിശ കുറച്ചേക്കുമെന്നാണ് സൂചന.