പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും അവഹേളിക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അവഹേളിക്കുന്ന പ്രവണതക്കെതിരെ ശക്തമായ വിമര്‍ശനവുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും അവഹേളിക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹം വിമര്‍ശം രേഖപ്പെടുത്തിയത്.

ഫെയ്‌സ്ബുക് കുറിപ്പ് പൂര്‍ണമായി വായിക്കാം:
ഞാന്‍ നിങ്ങളുടെ അഭിപ്രായത്തോട് വിയോജിക്കുന്നു. എന്നാല്‍ അത് പറയാനുള്ള നിങ്ങളുടെ അവകാശത്തിനു വേണ്ടി മരിക്കാനും തയ്യാറാണ് എന്നു പറഞ്ഞത് വോള്‍ട്ടയറാണ്. വിയോജിപ്പുകള്‍ ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വാണെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അഭിപ്രായപെട്ടത് കഴിഞ്ഞ മാസമാണ്. വിയോജിപ്പ് രേഖപ്പെടുത്തുക എന്നത് ജനാധിപത്യത്തിന്റെ കരുത്താണ്.

യോജിപ്പിന് സ്വേഛാധിപത്യത്തിലുംഇടമുണ്ട്. വിയോജിപ്പിന് ജനാധിപത്യത്തിലേ ഇടമുള്ളൂ. അതുകൊണ്ടാണ് നമ്മുടെ പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള ഭരണസഭകളില്‍ വിയോജിപ്പ് രേഖപ്പെടുത്താന്‍ ഒരാളെ ശമ്പളം നല്‍കി നിയമിക്കുന്നത്. അതാണ് പ്രതിപക്ഷ നേതാവ്. ജന വിരുദ്ധവും ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളെ തിരുത്തുകയും ജനങ്ങളെ അറിയിക്കുകയും ചെയ്യുക എന്നത് പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്വമാണ്.

യഥാര്‍ത്ഥത്തില്‍ ആ ഉത്തരവാദിത്വമാണ് കേരള നിയമസഭ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെയും ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ
അദ്ദേഹത്തിന്റെ അഭിപ്രായത്തോടുള്ള വിയോജിപ്പല്ല അദ്ദേഹത്തിന് അഭിപ്രായം പറയാനുള്ള അവകാശത്തെയാണ് ചിലര്‍ ചോദ്യം ചെയ്യുന്നതും,പരിഹസിക്കുന്നതും,ട്രോളുന്നതും.

യഥാര്‍ത്ഥത്തില്‍ ഈ പ്രവണത യു.ഡി.എഫ് – എല്‍.ഡി.എഫ് പ്രശ്‌നമോ, പിണറായി-ചെന്നിത്തല പ്രശ്‌നമോ ആയി ചുരുക്കി കാണേണ്ട ഒന്നല്ല. ജനാധിപത്യ സംവിധാനത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന വിഷയമാണിത്. ഇക്കാര്യം ആ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ ഭരണകക്ഷികള്‍ക്കും പ്രതിപക്ഷ കക്ഷികള്‍ക്കും സാധ്യമാവണം. യു.ഡി.എഫിന് പ്രത്യേകിച്ച് അത്തരം ഒരു തിരിച്ചറിവുണ്ടാവണം. ചെവികേള്‍ക്കാത്ത ഭരണപക്ഷവും വാ തുറക്കാത്ത പ്രതിപക്ഷവുമായാല്‍ ജനാധിപത്യത്തിന്റെ മരണമണിമുഴങ്ങും. നമുക്ക് ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ രമേശ് ചെന്നിത്തലക്ക് പിന്തുണ നല്‍കാം. അദ്ദേഹം വിയോജിപ്പുകള്‍ ഉറക്കെ പറയട്ടെ..

‘ജാനാധിപത്യത്തോടൊപ്പം, രമേശ് ചെന്നിത്തലയോടൊപ്പം’