പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
വര്‍ണ ശബളിമയാര്‍ന്ന കാഴ്ച്ചകള്‍ക്കപ്പുറം നമ്മുടെ അങ്ങാടികളിലും തെരുവുകളിലുമുള്ള
സാധാരണക്കാരന്റെ പച്ചയായ ജീവിത പരിസരങ്ങളിലേക്കും നമ്മുടെ ശ്രദ്ധയും ചിന്തയും പതിയേണ്ടതുണ്ട്.
നമ്മുടെ തെരുവോരങ്ങളെ നിരീക്ഷിച്ചു നോക്കൂ..
പഴയകാലത്തെ നാട്ടുചന്തകള്‍പോലെ നമ്മുടെ തെരുവുകള്‍
കച്ചവടങ്ങള്‍ക്കൊണ്ട് നിറഞ്ഞിരിക്കുന്ന കാഴ്ച്ചകള്‍ കാണാം.
ഈ കോവിഡ് കാലത്തെ കൗതുക കാഴ്ചയായി മാത്രം അതിനെ കാണരുത്.
ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്ന നമ്മുടെ സഹോദരങ്ങളാണ് ആ കച്ചവടക്കാര്‍.എന്തെങ്കിലും ഉല്‍പന്നങ്ങളുമായി രാവിലെ വീട്ടില്‍ നിന്നിറങ്ങി തെരുവോരങ്ങളില്‍ നമ്മെ കാത്തിരിക്കുന്നവര്‍.
വൈകുന്നേരം വരേ കാത്തിരുന്നാലും പോക്കറ്റ് കാലിയായി തന്നെ വീട്ടിലേക്ക് മടങ്ങേണ്ടി വരുന്നവരുമുണ്ട് അവര്‍ക്കിടയില്‍.
കോവിഡ് കാലത്ത് സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യത്തെയാണ് നമ്മുടെ തെരുവുകള്‍ കാണിച്ച് തരുന്നത്.
ഇവരില്‍ അധികപേരും കച്ചവടക്കാരായിരുന്നില്ല.
കച്ചവടത്തിന്റെ നടത്തിപ്പു ശീലങ്ങളോ തന്ത്രങ്ങളോ അവര്‍ക്കറിയുകയുമില്ല.
‘കോവിഡ് ഞങ്ങളെ കച്ചവടക്കാരാക്കി’ എന്ന് അവരുടെ മുഖം തന്നെ പറയുന്നുണ്ട്.
ഈ കച്ചവടത്തിനിറങ്ങിയവര്‍ വിവിധ തരക്കാരുണ്ട്.
തങ്ങളുടെ കൃഷിയിടങ്ങളിലെ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ വന്ന കൃഷിക്കാര്‍,
ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍,
വാഹനത്തിലെത്തി കച്ചവടം ചെയ്യുന്ന ഡ്രൈവര്‍മാര്‍.
ഗള്‍ഫില്‍ നിന്നും മടങ്ങി വന്ന പ്രവാസികള്‍, വീട്ടില്‍ നിന്നും വിഭവങ്ങളുണ്ടാക്കി കച്ചവടം ചെയ്യുന്ന പ്രവാസികളുടെ മക്കള്‍.
ജോലിയും കൂലിയുമില്ലാതെ പ്രയാസപ്പെടുന്ന ഈ കാലത്ത് അന്തസായി ജീവിക്കാന്‍ കച്ചവടത്തിനിറങ്ങിയവരാണവര്‍.
നമ്മുടെ യാത്രകളില്‍ പറ്റുമെങ്കില്‍ അവര്‍ക്കരികില്‍ വാഹനം ഒന്നു നിര്‍ത്തുക. ഒന്നു കുശലം പറയുക.ചെറുതെങ്കിലും ഒന്ന് അവരുടെ കയ്യില്‍ നിന്നും വാങ്ങുക.
നമ്മള്‍ പര്‍ച്ചേസിംഗിന് ഇറങ്ങുമ്പോള്‍ മറ്റു കച്ചവട സ്ഥാപനങ്ങള്‍ക്കൊപ്പം തെരുവു കച്ചവടങ്ങളെ കൂടി ഉള്‍പ്പെടുത്തുക.
അവരോട് വിലപേശലും തര്‍ക്കവും ഒഴിവാക്കുക.
ഷോപ്പിംഗ് മാളുകളില്‍ നിന്നും പര്‍ച്ചേസ് ചെയത് ഗൂഗിള്‍ പേ വഴി പണമടച്ച് ടിപ്പും കൊടുത്ത് തെരുവിലെ കച്ചവടക്കാരോട് വിലപേശുകയും തര്‍ക്കിക്കുകയും ചെയ്യുന്നത് മലയാളിയുടെ തിരുത്തപ്പെടേണ്ട ശീലങ്ങളിലൊന്നാണ്.
ആ കച്ചവടക്കാര്‍ നമ്മള്‍തന്നെയാണ് എന്ന ബോധ്യം നമുക്കുണ്ടാവണം.
പ്രതീക്ഷയോടെ അവരെ കാത്തിരിക്കുന്ന മക്കളെ ഓര്‍ക്കുക.നമ്മെ കാത്തിരിക്കുന്ന കുടുംബത്തെ പോലെ അവരെ കാത്തിരിക്കുന്ന കുടുംബത്തേയും ഓര്‍ക്കുക.
പരസ്പരം സഹായിച്ചും,
സഹകരിച്ചും,സഹിച്ചും,
സ്‌നേഹം പങ്കുവെച്ചും നമുക്ക് ഈ പ്രതിസന്ധികാലത്തെ അതിജയിക്കാം.
ഇങ്ങനെയുള്ള ചെറുതുകളാണ്
നമ്മുടെ ജീവിതത്തെ വലുതാക്കുന്നത്.