പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
സര്‍വേകളുടെ പിന്നില്‍
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ സ്ഥാപനങ്ങള്‍ സര്‍വേകള്‍ സാധാരണയായി നടത്താറുള്ളതാണ്. കഴിഞ്ഞ രണ്ടു ദിവസമായി ഒരു മലയാളം ചാനല്‍ കേരളത്തിന്റെ രാഷ്ട്രീയ മനസിനെ അപഗ്രഥിച്ചെന്ന പേരില്‍ ഒരു സര്‍വേ പുറത്തുവിട്ടു. ആ സര്‍വേയുടെ ‘ടോട്ടാലിറ്റി’ തന്നെ യു ഡി എഫ് എന്ന സംവിധാനത്തിന്റെയും അതിന്റെ പ്രവര്‍ത്തകരുടെയും മനോവീര്യം കെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണോ എന്ന് സംശയിപ്പിക്കുന്നതാണ്. 20 ല്‍ 19 ലോക്‌സഭാ സീറ്റും മഹാ ഭൂരിപക്ഷത്തില്‍ ജയിച്ച മുന്നണിയാണ് യു ഡി എഫ് എന്നതും ആ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുന്നതിന് തൊട്ടുമുമ്പ് ഇതേ മാധ്യമം പുറത്തുവിട്ട സര്‍വേ ഫലവും പ്രിയപ്പെട്ട പ്രവര്‍ത്തകരുടെ ഓര്‍മ്മയിലുണ്ടാകുമെന്നും കരുതട്ടെ. പ്രിയങ്കരനായ ശ്രീ. രാഹുല്‍ ഗാന്ധിയ്ക്ക് വയനാട്ടില്‍ വെറും 45 ശതമാനം വോട്ടും തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിക്ക് 39 ശതമാനം വോട്ടുമാണ് ഈ മാധ്യമം പ്രവചിച്ചത്. അഞ്ചു ലക്ഷത്തോളം വോട്ടുകളുടെ കണ്ണഞ്ചിപ്പിക്കും ഭൂരിപക്ഷമാണ് ശ്രീ. രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് എന്നത് മറന്നു പോകരുത്. ഇനി ഒടുവിലെ സര്‍വേയിലേയ്ക്ക് വന്നാല്‍; തിരുവിതാംകൂറിലും മധ്യ കേരളത്തിലും നിലവിലേതിനേക്കാള്‍ മെച്ചപ്പെട്ടതും സ്വാഭാവികവുമായ യു ഡി എഫ് മുന്നേറ്റം ചാനല്‍ അനുവദിച്ചു തരുന്നുണ്ട്! എന്നാല്‍ വടക്കന്‍ കേരളത്തിലെ 61 സീറ്റുകളില്‍ യുഡിഎഫിന് ‘കനിഞ്ഞു’ നല്‍കുന്നത് പരമാവധി 16 സീറ്റ്! നിലവിലുള്ളതിനെക്കാള്‍ അഞ്ചോളം സീറ്റുകള്‍ യുഡിഎഫിന് കുറയും പോലും. സാമാന്യ രാഷ്ട്രീയ ബോധ്യത്തിന് നിരക്കുന്നതല്ല ഇതെന്ന് പറയാതിരിക്കാനാവുന്നില്ല. മുസ്ലിം ലീഗ് പ്രസ്ഥാനത്തെക്കുറിച്ചും മലബാറിലെ യുഡിഎഫിന്റെ സംഘടനാ ശേഷിയെക്കുറിച്ചുമുള്ള അജ്ഞതയായിരുന്നു ഇതിന് പിന്നിലെന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഈ സര്‍വ്വേ നടത്തിപ്പുകാര്‍ക്ക് ബോധ്യപ്പെടും. അതിനുള്ള കരുത്ത് വടക്കന്‍ കേരളത്തിലെ മുസ്ലിം ലീഗിന്റെയും യു ഡി എഫിന്റെയും പ്രവര്‍ത്തകര്‍ക്കുണ്ട്. ഈ കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് തുരങ്കം വെക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള ശക്തമായ താക്കീത് ജനവികാരമായി ആഞ്ഞടിക്കും. മറ്റ് നിരവധിയായ പ്രശ്‌നങ്ങള്‍ക്കു പുറമേയാണിത്. സ്വന്തം നാട്ടിലേയ്ക്ക് തിരികെയെത്താനുള്ള ഓരോ മനുഷ്യന്റെയും ആഗ്രഹത്തിനാണിവര്‍ വിലങ്ങുതടിയായത്. വടക്കന്‍ കേരളത്തില്‍ നിലവില്‍ യു ഡി എഫിന്റെ പക്കലുള്ള ഒരു സീറ്റും ഇടതുപക്ഷത്തിന് കിട്ടാനും പോകുന്നില്ല, അവരുടെ കയ്യിലുള്ള നിരവധി സീറ്റുകള്‍ മഹാഭൂരിപക്ഷത്തില്‍ യു.ഡി എഫ് പിടിച്ചെടുക്കുകയും ചെയ്യും. ബി ജെ പിയെക്കുറിച്ച് എന്തെങ്കിലും പ്രസക്തമായി ഈ സര്‍വേയെ മുന്‍നിര്‍ത്തി പറയുന്നതു തന്നെ അവര്‍ക്കൊരു അംഗീകാരമാകുമെന്നതിനാല്‍ അതിന് മുതിരുന്നില്ല. സര്‍വേകളെയല്ല ജനങ്ങളെയാണ് യു ഡി എഫ് പിന്തുടരേണ്ടത്. അവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ് നാം വ്യാപൃതരാവേണ്ടത്. നമ്മുടെ സഹായം ആവശ്യമുള്ള, നമ്മുടെ ഇടപെടല്‍ വേണ്ടതായ കാര്യങ്ങളില്‍ ആത്മാര്‍ത്ഥമായ ഇടപെടലാണ് ഓരോ മുസ്ലിം ലീഗ്, യു ഡി എഫ് പ്രവര്‍ത്തകരും നടത്തേണ്ടത്. സര്‍വേകള്‍ ആ വഴിക്ക് പോകട്ടെ, നമുക്ക് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി ഒരുമയോടെ മുന്നോട്ടു പോകാം.
യുഡിഎഫ് ഭരിക്കുന്ന കേരളം യാഥാര്‍ത്ഥ്യമാക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം.