“ഹൈന്ദവ സഹോദരങ്ങള്‍ക്ക് വേദനയുണ്ടാക്കിയ സംഭവം”; ശബരിമല വിഷയത്തില്‍ പ്രതികരിച്ച് സാദിഖലി തങ്ങള്‍

ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നിലപാടിനെതിരേയും പ്രതിഷേധം ഉയരേണ്ടതുണ്ട്

ശബരിമല സംഭവത്തില്‍ പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ശബരിമലയിലുണ്ടായ സ്ത്രീ പ്രവേശനം ലക്ഷക്കണക്കിന് ഹൈന്ദവ സഹോദരങ്ങള്‍ക്ക് വേദനയുണ്ടാക്കിയ സംഭവമാണെന്ന് സാദിഖലി തങ്ങള്‍ ഫെയ്‌സ്ബുകില്‍ കുറിച്ചു.

കുറിപ്പ് പൂര്‍ണമായി വായിക്കാം..
ലക്ഷക്കണക്കിന് ഹൈന്ദവ സഹോദരങ്ങള്‍ക്ക് വേദനയുണ്ടാക്കിയ സംഭവമാണ് ആചാരങ്ങള്‍ ലംഘിച്ച് ശബരിമലയിലുണ്ടായ സ്ത്രീ പ്രവേശനം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. ഇതുമൂലം ഹൈന്ദവ വിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ പങ്കുചേരുന്നു.

ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ചുള്ള വിഷയങ്ങളില്‍ വിശ്വാസികളുടെ വികാരങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കേണ്ടത്. ഇത് മറികടന്നുള്ള ഇടപെടലുകള്‍ ഉചിതമല്ല. മറ്റൊരു വശത്ത് സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ തെരുവുയുദ്ധം നടത്തുകയാണ് ബി.ജെ.പി. ഹര്‍ത്താലുകള്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നിലപാടിനെതിരേയും പ്രതിഷേധം ഉയരേണ്ടതുണ്ട്.