അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ച് ഭക്ഷിക്കരുതെന്ന പ്രവാചക വചനം പ്രായോഗിക തലത്തില്‍ ഉള്‍കൊണ്ട നാട്, മലപ്പുറം; മുനവറലി തങ്ങളുടെ കുറിപ്പ്

പാണക്കാട് സയ്യിദ്
മുനവറലി ശിഹാബ് തങ്ങള്‍

ദേശീയ മാധ്യമങ്ങള്‍ പോലും മലപ്പുറത്തിന്റെ മനുഷ്യ സ്‌നേഹത്തെ വാഴ്ത്തിപ്പാടുമ്പോള്‍ അഭിമാനത്തോടെ മലപ്പുറത്തിന്റെ പ്രതിനിധികളില്‍ ഒരാളായി വിനയത്തോടെ പറയട്ടെ ,
ഞങ്ങള്‍ എന്നും എക്കാലത്തും ഇങ്ങനെയായിരുന്നു . അയല്പക്കത്തെ പട്ടിണി ഞങ്ങളുടെയും പട്ടിണിയാണ് .
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചു ഭക്ഷിക്കരുതെന്ന പ്രവാചക വചനം ഞങ്ങളുടെ ചില്ലരമാരകളിലെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ വിശ്രമിക്കുകയല്ല , ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ് ..
സ്വജീവന്‍ ത്യജിച്ചും അപരന്ന് വേണ്ടി നില കൊണ്ട പൂര്‍വ്വികരുടെ ചരിത്രം ഞങ്ങള്‍ പാടി പറയുക മാത്രമല്ല , നിത്യ ജീവിതത്തില്‍ ആവര്‍ത്തിക്കുകയാണ് ..
നിരക്ഷരരായ പിന്നോക്ക സമൂഹം എന്ന പരിഹാസങ്ങള്‍ ഞങ്ങള്‍ അക്ഷര വിദ്യ കൊണ്ട് മറി കടന്നു കഴിഞ്ഞു.
കഥകളിലും ചലച്ചിത്രങ്ങളിലും ഞങ്ങളെ പ്രാകൃതരാക്കി അപ നിര്‍മ്മിച്ച കുബുദ്ധികള്‍ക്ക് മുന്‍പില്‍ ഞങ്ങള്‍ സര്‍ഗ്ഗാത്മകമായി പ്രതികരിച്ചു മാതൃകയായി ..
ഇല്ലാ കഥകളുമായി ഞങ്ങളുടെ മത മൈത്രിയ്ക്കു മേല്‍ കരിഞ്ചായം പുരട്ടാന്‍ നോക്കിയവര്‍ക്ക് മുന്‍പില്‍ ഞങ്ങള്‍ വര്‍ഗ്ഗീയത തെല്ലുമില്ലാതെ തോളോട് തോളുരുമ്മി നിന്നു . സ്വതന്ത്ര ഭാരതത്തില്‍ തന്നെ ഏറ്റവും സമാധാന പൂര്‍ണ്ണമായ പരസ്പര സഹവര്‍ത്തിത്വത്തിന്റെ ഉജ്ജ്വല മാതൃക തീര്‍ത്തു …
ആശങ്കയോടെ വന്നവര്‍ ഞങ്ങളുടെ ആതിഥ്യ മര്യാദയും അനുകമ്പയും കണ്ട് ഞങ്ങളെ ആശ്ലേഷിച്ചു മടങ്ങി .
എത്ര കണ്ട് ഞങ്ങളെക്കുറിച്ച് വെറുപ്പ് പ്രകടിപ്പിച്ചുവോ, അത്ര കണ്ട് ഞങ്ങള്‍ സ്‌നേഹം കൊണ്ട് ജീവിതങ്ങളെ സാര്‍ത്ഥകമാക്കി ..
അഭിപ്രായ വ്യത്യാസങ്ങള്‍ ഏതുമുണ്ടെങ്കിലും ഞങ്ങളുടെ നാട്ടില്‍ മനുഷ്യന്റെ ചോരയ്ക്ക് ഒരേ വിലയാണ് . അത് കൊണ്ട് തന്നെ ഞങ്ങളുടെ നാട്ടില്‍ രാഷ്ട്രീയ കൊലകള്‍ക്ക് സ്ഥാനമില്ല .
ഞങ്ങളില്‍ വര്‍ഗ്ഗീയത ആരോപിച്ചവരൊക്കെയും കാലത്തിനു മുന്‍പില്‍ സ്വയം പരിഹാസ്യരായി .
നോര്‍ത്തിന്ത്യയില്‍ നിന്നുത്ഭവിക്കുന്ന വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് വേണ്ടി മലപ്പുറത്തെ ഒറ്റിക്കൊടുത്തവര്‍ പോലും ഇന്ന് മലപ്പുറത്തിന്റെ നന്മ വാഴ്ത്താന്‍ നിര്‍ബന്ധിതരായത് കാലത്തിന്റെ കാവ്യ നീതി .
ഞങ്ങളുടെ ജീവിതത്തില്‍ നിന്ന് വേറിട്ട ഒരു വിശ്വാസമോ വിശ്വാസത്തില്‍ നിന്ന് വേറിട്ട ഒരു ജീവിതമോ അല്ല മലപ്പുറത്തിന്റെ നന്മകളുടെ അടിസ്ഥാനം . വിശ്വാസത്തെ ജീവിതമാക്കി ഞങ്ങള്‍ ജീവിച്ചു കാണിക്കുന്നതെന്താണോ, അതാണ് ഞങ്ങള്‍.