വട്ടമേശയില്‍ നിന്ന് പര്‍ണശാലയിലേക്ക്

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ഓര്‍മകളുടെ തിരനോട്ടം വിദൂരമായ ഇന്നലെകളില്‍ തുടങ്ങുന്നു. പിതാമഹന്മാരുടെ എഴുതപ്പെടാത്ത ഒസ്യത്തുകള്‍ പോലെ, എന്നാല്‍ അനന്തവരുന്ന തലമുറകള്‍ക്ക് ഭാഗംവെക്കാന്‍ വേണ്ടി അവര്‍ ബാക്കിവെച്ച സുകൃതങ്ങള്‍. അതില്‍ നിറഞ്ഞുനിന്നത് നാടിനോടുള്ള കൂറായിരുന്നു. ഇഷ്ടക്കൂടുതല്‍ ജനങ്ങളോടായിരുന്നു. ഉരുള്‍പ്പൊട്ടല്‍പോലെ നാടിനെ കുലുക്കിവിറപ്പിച്ച സാമ്രാജ്യത്വം കടലുകള്‍ക്കപ്പുറത്തെ ചെറിയൊരു രാജ്യം അത് തിരമാലകളായി ആഞ്ഞടിച്ചത് ലോകം മുഴുവനുമായിരുന്നു. ഇന്ത്യ എന്ന ഉപഭൂഖണ്ഡവും അതിന്റെ പരിധിയില്‍ ചിറകൊടിഞ്ഞുനിന്നു. കൊല്‍ക്കത്തയില്‍ തുടങ്ങി ഡല്‍ഹിയും പഞ്ചാബും ഹൈദരാബാദും മൈസൂരും മലബാറും ഞെരിഞ്ഞു അമരാന്‍ തുടങ്ങി. കീഴൊതുങ്ങാന്‍ മനസ്സ് മടിച്ച മലബാര്‍ ചെറുത്തുതന്നെ നിന്നു. ഒരുഭാഗത്ത് കിങ്കരന്മാര്‍ വെടിക്കോപ്പുകളുമായി ഒപ്പം കുഴലൂത്തുക്കാരും രണ്ടും ദേശവിരുദ്ധരായിരുന്നു. അഭിമാനികളായ തദ്ദേശീയര്‍ക്ക് നാടിനെ രക്ഷപ്പെടുത്തുവാനുള്ള വെമ്പല്‍ ഉണ്ടായിരുന്നു. ഒളിപ്പോരാട്ടത്തിനു മുഖാമുഖം പൊരുതുവാനും അവര്‍ ഭയപ്പെട്ടില്ല.
ആ കാലത്ത് പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ പ്രതിരോധം തീര്‍ത്തത് പ്രാര്‍ത്ഥിച്ചും പ്രവര്‍ത്തിച്ചുമായിരുന്നു. തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ ജപ മുറകള്‍ പുറത്തെടുക്കേണ്ട സമയം അതുതന്നെയാണെന്ന് മനസ്സിലാക്കി. സാമ്രാജ്യത്വ വൈറസുകള്‍ രാജ്യത്തെ കീഴടക്കികൊണ്ടിരിക്കുന്നു. ഏതു രോഗത്തിനും ശമനമുണ്ടെന്നതാണ് ദൈവീകശ്രുതി. മര്‍മ്മം കണ്ടെത്തേണ്ടത് വൈദ്യധര്‍മവുമാണ്. അദ്ദേഹം മര്‍മ്മത്ത് ജപിച്ചുകൊടുത്തു. അതു യുദ്ധ തന്ത്രമായിരുന്നു. എതിരാളികള്‍ക്ക് പിടികൊടുക്കാതെ അവര്‍ ജയിച്ചുനിന്നു. പക്ഷെ ബ്രിട്ടീഷുകാര്‍ പ്രതികാര ദാഹം തീര്‍ത്തത് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളെ നാട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി കല്‍ത്തുറങ്കലിടാനായിരുന്നു.
വെല്ലൂരിലെ ജയിലില്‍ പിതാമഹന്‍ മരണത്തിന് കീഴടങ്ങിയപ്പോഴും അന്നത്തെ ഇളം തലമുറക്കാര്‍ അതൊരു പിന്‍തുടര്‍ച്ചയുടെ കൈത്തിരിയായി ഏറ്റെടുക്കുകയായിരുന്നു. വഴിയടയുന്നവര്‍ക്ക് ഒപ്പം നടന്ന് വഴികാണിച്ചുകൊടുക്കുക എന്ന പിതൃശീലകള്‍ ഏറ്റെടുക്കുവാനുള്ള ഉത്തരവാദിത്വം പി.എം.എസ്.എ പൂക്കോയ തങ്ങളിലാണ് വന്നുചേര്‍ന്നത്. അദ്ദേഹമത് പുഞ്ചിരിയോടെ ഏറ്റെടുത്തു. പിഞ്ചിരി മായ്ക്കുന്ന സമയങ്ങളുമുണ്ടായിരുന്നു. അപ്പോഴും ശബ്ദം ഉയര്‍ത്തിയില്ല. മെല്ലെ മൊഴിഞ്ഞു. പക്ഷെ അത് അന്ത്യശാസനമായി ലക്ഷ്യ സ്ഥാനത്ത് കുറിക്ക്കൊള്ളുന്നതുമായിരുന്നു.
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പിന്‍തുടര്‍ച്ചയും അതായിരുന്നു. കാറുംകോളും നിറഞ്ഞ ദിനങ്ങള്‍ കടന്നുപോകുമ്പോഴും പിതാവില്‍ നിന്ന് പകര്‍ന്നുകിട്ടിയ സദ്വിചാരങ്ങള്‍ മുറുകെപിടിച്ചു. സ്വതന്ത്ര ഭാരതത്തിലെ മുഴുവന്‍ രാഷ്ട്രീയ പ്രബുദ്ധതയും നിറഞ്ഞാടുന്ന സംസ്ഥാനമാണല്ലൊ കേരളം. ജനാധിപത്യ ചേരിയും ഇടതുപക്ഷചേരിയും തീര്‍ക്കുന്ന പോര്‍മുഖങ്ങളില്‍ ഭരണം മാറിമറിയുന്ന സംസ്ഥാനം ഏറ്റവുമൊടുവില്‍ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ വടക്കും തെക്കും ഒരുപോലെ അധികാര പര്‍വ്വം കീഴടക്കി. ബി.ജെ.പി ആധിപത്യം നിലനിര്‍ത്തിയപ്പോഴും കേരളം ആ പാര്‍ട്ടിയെ നിലംതൊടീച്ചില്ല. വയനാടന്‍ മാമലകളില്‍ രാഹുലിന്റെ ചിരി കേരളം മുഴുവന്‍ ഏറ്റെടുക്കുകയായിരുന്നു. മോദി എഫക്റ്റ് കേരളത്തില്‍ ഡിഫക്റ്റ് ആയി പരിണമിച്ചത് അടുത്തകാല അനുഭവം. കേരളീയ മനസ്സുകളില്‍ നിറയുന്ന മതേതരത്വത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും പുണ്യം നിറഞ്ഞ ഈടുവെപ്പാണ് അതിനു വഴി തെളിയിക്കുന്നത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മകള്‍ മിഴിതുറക്കുന്നത് ആ പുണ്യത്തിലേക്കാണ്. തൂവെള്ള വസ്ത്രത്തിനുള്ളില്‍ മരണംവരെ തുടിച്ചുനിന്നത് ആര്‍ദ്രത നിറഞ്ഞ ഒരു ഹൃദയമായിരുന്നു. കേരളത്തിന്റെ സാമൂഹ്യ പ്രബഞ്ചത്തിലേത് തുറന്ന സൗഹാര്‍ദ്ദത്തിന്റെ കിളിവാതില്‍ ആ സാന്നിധ്യം ഓരോ മലയാളിയും അത് മനസ്സിലാക്കുന്നു. ആ ഓര്‍മകള്‍ പതിറ്റാണ്ട് പിന്നിട്ടിട്ടും ചിതലരിക്കാതെ തെളിമയോടെ നിലനില്‍ക്കുന്നു. അദ്ദേഹം ജനങ്ങളോടൊപ്പം നിന്ന് എന്നത്കൊണ്ടാണ്.
മതേതരത്വം, ജനാധിപത്യം, സാഹോദര്യം, സൗഹാര്‍ദം ഇവകളായിരുന്നു ആ വാക്കുകളുടെ കാതല്‍. പ്രത്യയ ശാസ്ത്രങ്ങളും ഒരു ബഹുമുഖ സമൂഹത്തില്‍ പലതുമുണ്ടാക്കുമല്ലോ. അവ പക്ഷെ മാറ്റുരക്കേണ്ടത് ജീവിതം കൊണ്ടല്ല എന്ന് അദ്ദേഹം പറഞ്ഞു . ആശയങ്ങളും സംവാദങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മാധ്യമങ്ങളാണ്. തമ്മിലടിച്ചല്ല അത് ബോധ്യപ്പെടേണ്ടത്. അപരന്റെ വിശ്വാസ സാതന്ത്ര്യത്തെ അംഗീകരിക്കുമ്പോഴാണ് സ്വന്തം വിശ്വാസ പ്രമാണങ്ങളുടെ സത്യസന്ധത നമുക്ക് ബോധ്യപ്പെടുക. മഹാനായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ വിചാരങ്ങളില്‍ വളരെ വ്യക്തതയോടെ തെളിഞ്ഞു നിന്ന ആദര്‍ശവും ഇതുതന്നെയായിരുന്നു.
അനവസരങ്ങളിലെ വാഗ്പ്രയോഗങ്ങള്‍ ജിഹാദീ പ്രലോഭനങ്ങള്‍ ഇത് എതിരാളികളുടെ ചൂണ്ടയിലെ ഇരകളാണ് എന്നദ്ദേഹം വിശ്വസിച്ചു. പ്രവാചക നിയോഗം പഠിപ്പിച്ചത് ആത്മിനിന്ദക്കെതിരെയാണ് യഥാര്‍ത്ഥ ജിഹാദ് എന്നാണ്. ഹരിത രാഷ്ട്രീയത്തിലൂടെ ഇസ്മായീല്‍ സാഹിബ് പിന്തുടര്‍ന്നതും ആ പാതയാണ്. 1975-ല്‍ സെപ്തംബറിലെ ഒരു മധ്യഹ്നത്തില്‍ ശിഹാബ് തങ്ങള്‍ ഏറ്റെടുത്തതും ആ നൗകയുടെ അമരമായിരുന്നു. ആ വര്‍ഷം ജൂലൈയിലെ ആദ്യ ഞായറാഴ്ച പിതാവ് പൂക്കോയ തങ്ങളുടെ വേര്‍പ്പാട്. അതിനുശേഷം 40-ാം ദിനാചരണത്തില്‍ ആഗസ്ത് 14ന് ആണ് തറാവട്ടു വീട്ടില്‍, ചരിത്ര പ്രസിദ്ധമായ വട്ടമേശയുടെ മുമ്പിലെ പിതാവ് ഇരുന്ന കസേരയിലേക്ക് കുടുംബ കാരണവന്മാരും അഭ്യുദയകാംഷികളും സാക്ഷികളായി ശിഹാബ് തങ്ങള്‍ കൈപ്പിടിച്ച് ഇരുത്തപ്പെടുന്നത്. വികാര നിര്‍ഭരവും കണ്ണീര്‍പൂക്കളുടെ കുഞ്ഞു നൈര്‍മല്യവും പടര്‍ന്ന അന്തരീക്ഷം പൂക്കോയ തങ്ങള്‍ എന്ന മലബാറിന്റെ മനസ്സുകളിലെ മഹാ തീര്‍ത്ഥാടകന്‍. ബാക്കി വച്ചുപോയത് ഏറ്റെടുക്കുന്ന ഒരു മുപ്പത്താറുക്കാരന്റെ നെഞ്ചിടിപ്പു സ്വാഭാവികം. അന്നുതൊട്ടു ഒരുദിവസംപോലും ബാപ്പയെ ഓര്‍ക്കാതിരുന്നില്ല. കോയ മോന്‍ എന്ന സമീന്ത പുത്രന്‍.
ഓരോ തീരുമാനങ്ങളുടെയും അകമ്പടിയായുള്ള പ്രാര്‍ത്ഥനകളിലും നിറഞ്ഞുനിന്നത് ബാപ്പ തന്നെയായിരുന്നു. ബാപ്പയോടുള്ള ആ മറക്കാത്ത ഓര്‍മകളാണ് കാലിടറാതെ ആ കപ്പിത്താന് നേതൃപദവിയില്‍ ശക്തിപകര്‍ന്നത്. ഒപ്പം സി.എച്ച് മുഹമ്മദ്കോയ എന്ന മാസ്മരിക സ്നേഹത്തിന്റെ തലോടലും കരുതലും എണ്‍പതുകളുടെ രണ്ടാം പാതിയില്‍, നിര്‍ഭാഗ്യകരമായ മുസ്ലിംലീഗിന്റെ പിളര്‍പ്പിന് അന്ത്യം കുറിച്ചത് ലയനത്തിന് ചുക്കാന്‍ പിടിച്ചത് ശിഹാബ് തങ്ങള്‍ക്ക് ഏറെ സംതൃപ്തിയും ആവേശവും പകര്‍ന്ന കാര്യങ്ങളാണ്. അതേദശകത്തില്‍ തന്നെ ഇന്ത്യയിലെ ഇസ്ലാമിക ശരീഅത്തിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടം. മഹാനായ അലിമിയാന്‍ അബുല്‍ ഹസന്‍ അലി നദ്വി സാഹിബിനെയും ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാരെയും കൂടെ ചേര്‍ത്ത നിര്‍ത്തി നയിച്ച തേരോട്ടം ഇന്ത്യന്‍ പാര്‍ലമെന്റിലെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നല്ലോ. അന്ന് ശിഹാബ് തങ്ങളുടെ പ്രസ്ഥാനം ജയിപ്പിച്ച മെഹബൂബെ മില്ലത്ത് സുലൈമാന്‍ സേട്ട് സാഹിബും, ഗുലാം മഹ്മൂദ് ബനാത്ത് വാല സാഹിബും ലോക്സഭയില്‍ നടത്തിയ പ്രകടനങ്ങള്‍, അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി തന്നെ ഏറ്റെടുത്ത് മുസ്ലിം സ്ത്രീ സംരക്ഷണ ബില്ല് പാസാക്കുകയാണല്ലോ ഉണ്ടായത്.
1992-ല്‍ സംഘ്പരിവാന്‍ അജണ്ട ഫൈസബാദില്‍, ബാബരി മസ്ജിദിനെ തകര്‍ത്ത് നടപ്പാക്കിയപ്പോള്‍ രാജ്യം എരിപൊരികൊണ്ട കാലത്ത് ശിഹാബ് തങ്ങള്‍ എടുത്ത ധീരമായ നിലപാടുകള്‍, മുസ്ലിംലീഗിന്റെ ആദര്‍ശ ഗാംഭീര്യത്തിന്റെ അടയാളപ്പെടുത്തലായി ചരിത്ര നിയോഗത്തിന്റെ സുവര്‍ണ്ണരേഖയായി നിലനില്‍ക്കുന്നു. ആ തീരുമാനങ്ങള്‍ പാര്‍ട്ടിക്കു നല്‍കിയ ക്ലീന്‍ചീട്ട് ദേശീയ രാഷ്ട്രീയത്തിലെ ഭരണകക്ഷിയാക്കി മുസ്ലിംലീഗിനെ മാറ്റി. ശിഹാബ് തങ്ങള്‍ തന്നെ ആശീര്‍വ്വദിച്ച് അയച്ച പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും പി.വി അബ്ദുല്‍ വഹാബും പൗരത്വ നിഷേധ നീക്കങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ പൈലറ്റ് പാര്‍ട്ടിയായി മുസ്ലിംലീഗിനെ ഉന്നതങ്ങളില്‍ പ്രതിഷ്ഠിച്ചിരുന്നു. അതൊക്കെ തന്നെയാണ് ആ നീക്കങ്ങള്‍ക്കെല്ലാം പിന്നിലെ തൂവെള്ള വസ്ത്രധാരിയുടെ യശോധാവള്യം. സമുദായത്തിന്റെയും സമൂഹത്തിന്റെയും വെണ്‍മയായി ശിഹാബ് തങ്ങളെ ഇഷ്ടപ്പെടുന്നവര്‍ വിലയിരുത്തുന്നതും കാലം കേളികൊട്ടുന്നതും.