ജമ്മു കശ്മീരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങി മുന്‍ മന്ത്രി അല്‍താഫ് ബുഖാരി

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി മുന്‍ മന്ത്രിയും പിഡിപി നേതാവുമായ സയ്യിദ് അല്‍താഫ് ബുഖാരി.
ശ്രീനഗറില്‍ ഞായറാഴ്ച നടന്ന പൊതുപരിപാടില്‍ മാധ്യങ്ങള്‍ക്ക് മുന്നാലെ ജമ്മു കശ്മീര്‍ അപ്നി പാര്‍ട്ടി (ജെ.കെ.എ.പി) എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് മുന്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാവ് സയ്യിദ് അല്‍താഫ് ബുഖാരി രൂപം നല്‍കി.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 മുതല്‍ വെല്ലുവിളികള്‍ നേരിടുന്ന കശ്മീര്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നതെന്നും പുതിയ പാര്‍ട്ടിയായ അപ്നി പാര്‍ട്ടി അതിന് തുടക്കം നല്‍കുമെന്നും അല്‍താഫ് ബുഖാരി പറഞ്ഞു.

ഒടുവില്‍ അപ്നി പാര്‍ട്ടി എന്നറിയപ്പെടുന്ന ഞങ്ങളുടെ പാര്‍ട്ടി രൂപപ്പെട്ടതായും. ഇത് വളരെ സന്തോഷകരമായൊരു ദിനമാണെന്നും ബുഖാരി മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതീക്ഷകളും വെല്ലുവിളികളും വളരെ വലുതാണെന്നറിയാം. വളരെയധികം ഉത്തരവാദിത്തങ്ങളാണ് പാര്‍ട്ടി ഞങ്ങളുടെ മേല്‍ ഏല്‍പ്പിക്കുന്നത്. ജനങ്ങളുടെ താല്‍പ്പര്യാര്‍ത്ഥം ഈ വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുമെന്ന് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നതായും ബുഖാരി പറഞ്ഞു.

വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപൂര്‍ സ്വദേശിയാണ് വ്യവസായി കൂടിയായ അല്‍താഫ് ബുഖാരി. താൻ തുടങ്ങുന്ന അപ്നി പാർട്ടിയ്ക്കൊപ്പം നാഷണൽ കോൺഫറൻസ് (എൻസി), പിഡിപി, കോൺഗ്രസ്, ബിജെപി തുടങ്ങി വിവിധ പാർട്ടികളിൽ നിന്നുള്ള രാഷ്ട്രീയക്കാർ ഉണ്ടെന്നാണ് അൽതാഫ് ബുഖാരി അവകാശപ്പെടുന്നത് . ശ്രീനഗറിലെ അമീര കടൽ നിയോജകമണ്ഡലത്തിൽ നിന്നുള്ള മുൻ നിയമസഭാംഗമായ അദ്ദേഹം പിഡിപി-ബിജെപി സഖ്യ സർക്കാറിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രി  ധനമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ആർട്ടിക്കിൾ 370 റദ്ദാക്കിയ ഉടൻ തന്നെ പുതിയ പാർട്ടി ഉണ്ടാക്കാനുള്ള നീക്കങ്ങൾ  അൽതാഫ് ബുഖാരി അണിയറയ്ക്ക് പിന്നിൽ നടത്തിയെന്ന് വേണം കരുതാൻ . ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷമുള്ള ആദ്യത്തെ രാഷ്ട്രീയ പ്രവർത്തനമായാണ് ഈ രാഷ്ട്രീയപാർട്ടിയുടെ തുടക്കത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് .