കോലിക്ക് പേടിയാവുന്നു : ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍

ജോഹന്നാസ്ബര്‍ഗ്ഗ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക പുരസ്‌ക്കാരങ്ങളില്‍ നാലെണ്ണം സ്വന്തമാക്കിയത് വിരാത് കോലി. ക്രിക്കറ്റര്‍ ഓഫ് ദ ഇയറും മികച്ച ഏകദിന ക്രിക്കറ്ററും മികച്ച നായകനുമെല്ലാം അദ്ദേഹം. പക്ഷേ കോലിയിലെ യുവനായകന്‍ ഇത്രയും വലിയ വെല്ലുവിളി ഇതിന് മുമ്പ് നേരിട്ടിട്ടില്ല-ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുക എന്നതല്ല കോലിയുടെ സമ്മര്‍ദ്ദം. സ്വന്തം ടീം വീണ്ടും തോല്‍ക്കാതിരിക്കലാണ്. മൂന്നാം ടെസ്റ്റ് ഇന്നിവിടെ വാണ്ടറേഴ്‌സില്‍ ആരംഭിക്കുമ്പോള്‍ മുഖം രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം കോലിയിലെ നായകന്‍ ചെയ്യും. കാരണം വിമര്‍ശകര്‍ അത്രമാത്രം ശക്തരായി പുറത്തുണ്ട്. മൂന്നാം ടെസ്റ്റും തോറ്റാല്‍ പിന്നെ തല ഉയര്‍ത്താന്‍ തല്‍ക്കാലം കോലിക്കാവില്ല.

ഒമ്പത് ടെസ്റ്റ് പരമ്പരകള്‍ തുടര്‍ച്ചയായി ഇന്ത്യക്ക് സമ്മാനിച്ച നായകനാണ്, അടിപൊളി ബാറ്റ്‌സ്മാനാണ് എന്നതെല്ലാം അംഗീകരിക്കുമ്പോള്‍ തന്നെ വിമര്‍ശകര്‍ കല്ലെറിയുന്നത് കോലിയിലെ നായകനെയാണ്. സ്വന്തം താരങ്ങളില്‍ അവിശ്വാസം പ്രകടിപ്പിക്കുന്ന, വളരെ രോഷാകുലനായി പെരുമാറുന്ന ഒരു നായകനെയാണോ ഇന്ത്യക്ക് വേണ്ടത് എന്ന് ചോദിക്കുന്നവര്‍ ചില്ലറക്കാരല്ല-ഗെയിമിനെ നന്നായി അറിയുന്ന പഴയ കാല ക്രിക്കറ്റര്‍മാരാണ്.

വിമര്‍ശകര്‍ക്ക് ഇത് വരെ ശക്തമായ മറുപടി കോലി നല്‍കിയിട്ടില്ല. ഒരു വിജയം മൂന്നാം ടെസ്റ്റില്‍ സ്വന്തമാക്കാനായാല്‍ അതൊരു മറുപടിയാണ്. അതിന് പക്ഷേ നിലവിലെ സാഹചര്യത്തില്‍ കഴിയുമോ എന്നതാണ് ഉത്തരമില്ലാത്ത ചോദ്യം.

വാണ്ടറേഴ്‌സ് പേസ് കടലാണ്. ജീവനുള്ള ട്രാക്ക്. ബൗണ്‍സും പേസുമെല്ലാം ഒരുമിക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഏത് വിധം പ്രതികരിക്കുമെന്നതാണ് വലിയ പ്രശ്‌നം. കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ ഫിലാന്‍ഡര്‍ക്ക് മുന്നിലായിരുന്നു ഇന്ത്യ തലവെച്ചത്,സെഞ്ചൂറിയനിലെ രണ്ടാം ടെസ്റ്റിലെ രണ്ടാം കന്നിക്കാരനായ എന്‍ഗിഡിക്കും. മൂന്നാം ടെസ്റ്റിലേക്ക് വരുമ്പോള്‍ ഇവര്‍ രണ്ട് പേരുമുണ്ട്-കൂട്ടിന് റബാദയും മോണി മോര്‍ക്കലും. ഈ നാല് പേസ് ബാറ്ററികള്‍ ചേരുമ്പോള്‍ കെ.എല്‍ രാഹുല്‍, മുരളി വിജയ്, വിരാത് കോലി, രോഹിത് ശര്‍മ്മ, ചേതേശ്വര്‍ പൂജാര തുടങ്ങിയവരുടെയെല്ലാം മുട്ടിടിക്കും. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. രണ്ട് ടെസ്റ്റിലും അവസരം ലഭിക്കാതിരുന്ന വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ഇന്ന് ആദ്യ ഇലവനില്‍ വരും. അദ്ദേഹം വരുമ്പോള്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്താവാനാണ് സാധ്യത. നായകന്‍ കോലിക്ക് ഹാര്‍ദ്ദിക്കിനോട് താല്‍പ്പര്യമുണ്ടെങ്കിലും രഹാനെയിലെ ഉപനായകന് ഒരു ടെസ്റ്റിലും അവസരം നല്‍കാതിരുന്നാല്‍ അത് കോലിയെ വില്ലനാക്കി മാറ്റുമെന്ന് അദ്ദേഹത്തിന് തന്നെയറിയാം. ബാറ്റിംഗ് ലൈനപ്പില്‍ ഈ മാറ്റം വരുമ്പോള്‍ ബൗളര്‍മാരില്‍ ഭുവനേശ്വറിന്റെ കാര്യത്തിലാണ് സംശയം. ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും രണ്ടാം ടെസ്റ്റില്‍ നിന്നും അദ്ദേഹത്തെ തഴഞ്ഞത് വന്‍ വിവാദമായിരുന്നു. ഇവിടെ ഭുവിയെ കളിപ്പിക്കണമെങ്കില്‍ ആരെ പുറത്തിരുത്തുമെന്ന ചോദ്യമുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് എന്നിവരെല്ലാം മിടുക്കരാണ്.

ദക്ഷിണാഫ്രിക്കന്‍ ക്യാമ്പില്‍ തലവേദനകളില്ല. രണ്ട് ടെസ്റ്റും തുടര്‍ച്ചയായി ജയിച്ച സാഹചര്യത്തില്‍ അവരുടെ ലൈനപ്പില്‍ മാറ്റമില്ല. ഡെയില്‍ സ്‌റ്റെയിന്‍ ആദ്യ ടെസ്റ്റിനിടെ പരുക്കേറ്റ് മടങ്ങിയപ്പോള്‍ പകരക്കാരനായി വന്ന എന്‍ഗിഡി രണ്ടാം ടെസ്റ്റില്‍ അവസരോചിത പ്രകടനം നേടിയിരുന്നു. കൂടെ ഫിലാന്‍ഡറും മോര്‍ക്കലുമുണ്ട്. കേശവ് മഹാരാജ് എന്ന സ്പിന്നറുടെ കാര്യത്തില്‍ ഇന്ന് രാവിലെയാവും തീരുമാനം. ആദ്യ രണ്ട് ടെസ്റ്റിലും കേശവിന് കാര്യമായ റോളുണ്ടായിരുന്നില്ല.

SHARE