ന്യൂഡല്‍ഹി: മധ്യപ്രദേശിനൊടുവില്‍ രാജ്യസ്ഥാനിലും തെരഞ്ഞെടുത്ത സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. പിസിസികളുടെ ആഭിമുഖ്യത്തില്‍ രാജ് ഭവനുകള്‍ക്ക് മുന്നില്‍ ‘സേവ് ഡെമോക്രസി-സേവ് കോൺസ്റ്റിട്യൂഷൻ’ എന്ന പേരിലാണ് പ്രതിഷേധം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പ്രതിഷേധ പരിപാടികള്‍.
ബിജെപി സര്‍ക്കാരിന്റെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരായ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ‘സ്പീക്ക് ഫോർ ഡെമോക്രസി’ എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പാർട്ടി കഴിഞ്ഞദിവസം ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ഭരണഘടനയുടെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ശബ്ദത്തോടെ ഇന്ത്യയുടെ ജനാധിപത്യം മുന്നോട്ട് പോകുമെന്ന് ക്യാമ്പയിനില്‍ രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയുടെ ഗുഢാലോചനയെ തകർത്ത് രാജ്യത്തെ ജനങ്ങൾ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച എല്ലാ സംസ്ഥാനങ്ങളിലും രാജ് ഭവനുകള്‍ക്കു മുന്നില്‍ ‘സേവ് ഡെമോക്രസി-സേവ് കോണ്സ്റ്റിട്യൂഷന്’ എന്ന പേരില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലവും, ആരോഗ്യ പ്രോട്ടോകോളുകളും പാലിച്ചായിരിക്കും എല്ലാ പ്രക്ഷോഭ പരിപാടികളെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, കോൺഗ്രസിന്റെ ‘സ്പീക്ക് അപ് ഫോർ ഡെമോക്രസി’ ക്യാമ്പയിന് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ട്വിറ്ററില്‍ ആരംഭിച്ച പ്രതിഷേധത്തില്‍ ‘സ്പീക്ക് അപ്പ് ഫോര്‍ ഡെമോക്രസി’ ഹാഷ്ടാഗ് ട്രെന്റിങിലെത്തി. ജനാധിപത്യ ധ്വംസനമാണ് കൊവിഡ് മഹാമാരിക്കിടയിലും ബിജെപി നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി പറഞ്ഞു. ജനാധിപത്യ തത്വങ്ങൾ ബിജെപി തകർക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു.
Read More: രാജസ്ഥാനില്‍ മുഴങ്ങുന്നത് ജനാധിപത്യത്തിന്റെ മരണമണിയോ?