ജലവൈദ്യുത പദ്ധതിയ്ക്കു അനുമതി നല്‍കിയ വൈദ്യുത മന്ത്രി എംഎം മണിക്കെതിരേയും ഇടതുപക്ഷ സര്‍ക്കാറിനെതിരേയും സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി തുടങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയ വാര്‍ത്ത പുറത്തുവന്നതോടെയാണ് പരിസ്ഥിതി വാദികള്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധുമായി രംഗത്തെത്തിയത്.
അതിരപ്പിള്ളിയില്‍ വലിയ പ്രതിഷേധ പരമ്പരകളാണ് നടക്കുന്നത്. ഭരണകക്ഷിയിലെ തന്നെ യുവജന സംഘടനയായ എ.ഐ.വൈ.എഫാണ് ആദ്യം സമരവുമായി എത്തിയത്. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി തുടങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിര എല്‍ഡിഎഫിലും ഭിന്നത രൂക്ഷമായിരിക്കുകയാണ്.
പദ്ധതി തുടങ്ങാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് സി.പി.ഐയുടെ യുവജനസംഘടനയായ എ.ഐ.വൈ.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.പി.സന്ദീപ് മുന്നറിയിപ്പുനല്‍കി.
തൊട്ടുപിന്നാലെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. അതിരപ്പിള്ളി കണ്ണങ്കുഴിയിലെ കെ.എസ്.ഇ.ബി. ഓഫിസിലേയ്ക്കായിരുന്നു മാര്‍ച്ച്. യൂത്ത് കോണ്‍ഗ്രസ് ദേശീയ കോഓര്‍ഡിനേറ്റര്‍ ഷോണ്‍ പല്ലിശേരിയുടെ നേതൃത്വത്തില്‍ എത്തിയ പ്രവര്‍ത്തകര്‍ പൊലീസുമായി ഉന്തുംതള്ളുമുണ്ടാക്കി.
പരിസ്ഥിതി സംഘടനകളും ജലവൈദ്യുത പദ്ധതിയ്ക്കെതിരെ രൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിഷേധ പോസ്റ്റുകളുമായി #SayNoToAthirappillyProject #SaveAthirappilly ഹാഷ് ടാഗുകള്‍ ട്വിറ്ററിലും സമൂഹ മാധ്യമങ്ങളിലും നിറയുന്നുണ്ട്.
നേരത്ത, മന്ത്രി എംഎം മണിയുടെ വാദങ്ങളെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പദ്ധതി എല്‍ഡിഎഫിന്റെ അജണ്ടയില്‍ ഇല്ലെന്നും ജനങ്ങള്‍ എതിര്‍ക്കുന്ന ആതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രശ്നമില്ലെന്നും കാനം തുറന്നടിച്ചു. സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന മന്ത്രി എംഎം മണിയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലാല്ലോ, എന്ത് വേണമെങ്കിലും ആഗ്രഹിക്കാമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.