ഞാന്‍ ആ ബില്ല് വായിച്ചിട്ടില്ല; പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തില്‍ പ്രതികരിച്ച് ഗാംഗുലി


മുംബൈ: കേന്ദ്രം കൊണ്ടുവന്ന പൗരത്വ ഭദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ഇരമ്പുമ്പോള്‍ വീണ്ടും പ്രതികരിച്ച് ബി.സി.സി.ഐ അദ്ധ്യക്ഷനും മുന്‍ ക്രിക്കറ്ററുമായ സൗരവ് ഗാംഗുലി. പ്രതിഷേധത്തിന്റെ രാഷ്ട്രീയ വശങ്ങളെ കുറിച്ച് സംസാരിക്കാന്‍ താനില്ലെന്നും താന്‍ പൗരത്വ ഭേദഗതി ബില്‍ വേണ്ടവിധം വായിച്ചിട്ടില്ലെന്നുമായിരുന്നു ഗാംഗുലി പറഞ്ഞത്. മുന്‍പ് അദ്ദേഹത്തിന്റെ മകള്‍ സന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചപ്പോള്‍ ഗാംഗുലി അതിനെ എതിര്‍ത്തിരുന്നു. 18 വയസുകാരിയായ തന്റെ മകള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയാനുള്ള രാഷ്ട്രീയബോധം ഇല്ലെന്നും വിവാദങ്ങളില്‍ നിന്നും അവളെ ഒഴിവാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.

‘സമാധാനം നിലനിര്‍ത്തണം എന്നതാണ് എന്റെ അഭ്യര്‍ത്ഥന. നിയമം സംബന്ധിച്ചുള്ള രാഷ്ട്രീയ കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഞാനില്ല; കാരണം സത്യത്തില്‍ ഞാന്‍ പൗരത്വ ഭേദഗതി ബില്‍ വായിച്ചിട്ടില്ല. അത് വായിക്കും മുന്‍പ് അതേക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയാണെന്ന് കരുതുന്നില്ല. പക്ഷേ പ്രതിഷേധിക്കുന്നവരോട് സമാധാനവും സാഹോദര്യവും നിലനിര്‍ത്താന്‍ ഞാന്‍ ആവശ്യപ്പെടുന്നു. നിയമം സംബന്ധിച്ച് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ അതുമായി ബന്ധപ്പെട്ട ആള്‍ക്കാരുണ്ട്. എനിക്ക് എല്ലാവരുടെയും സന്തോഷമാണ് പ്രധാനം.’ സൗരവ് ഗാംഗുലി പറയുന്നു.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി പൗരത്വത്തിന്റെ മാനദണ്ഡമായി മതം ഉള്‍പ്പെടുത്തിയ നിയമമാണ് പൗരത്വ ഭേദഗതി നിയമം. മുസ്ലീങ്ങള്‍ ഭൂരിപക്ഷമായ മൂന്ന് രാജ്യങ്ങളിലുള്ള മതപരമായ അതിക്രമം നേരിടുന്ന ന്യൂനപക്ഷങ്ങളെ ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ സഹായിക്കുന്നതാണ് ഈ നിയമം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. 2014 മുതല്‍ മതത്തിന്റെ പേരിലുള്ള പീഡനം കാരണം ഇന്ത്യയിലേക്ക് എത്തിപ്പെട്ടവര്‍ക്ക് വേണ്ടിയാണ് നിയമമെന്നും കേന്ദ്രം പറയുന്നു. എന്നാല്‍ രാജ്യത്തെ മുസ്ലീങ്ങളെ വിവേചനപരമായി കാണുന്നതാണ് ഈ നിയമമെന്നും അത് ഇന്ത്യയുടെ ഭരണഘടനയ്ക്ക് എതിരാണെന്നും നിയമത്തിന്റെ വിമര്‍ശകര്‍ വാദിക്കുന്നു.

SHARE