കൂടുതല്‍ യുവതികള്‍ക്ക് തൊഴിലിടമൊരുക്കി സൗദി; തൊഴിലില്ലായ്മാ നിരക്ക് 13.9% കുറഞ്ഞു

റിയാദ്: സൗദിയില്‍ കൂടുതല്‍ വനിതകള്‍ തൊഴിലിടത്തിലേക്ക്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിക്‌സിന്റെ കണക്കു പ്രകാരം കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വനിതാ തൊഴിലില്ലായ്മാ നിരക്കില്‍ 13.9 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 15നും 34നും ഇടയിലുള്ള യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് വലിയ അളവില്‍ കുറഞ്ഞു വന്നതായും റിപ്പോര്‍ട്ട് പറയുന്നു. അന്താരാഷ്ട്ര യുവദിനമായ ഓഗസ്റ്റ് 12ന് ‘സൗദി യുവത അക്കങ്ങളില്‍’ എന്ന റിപ്പോര്‍ട്ട് സമ്പൂര്‍ണമായി പുറത്തുവിടും.

2030 പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായി അടുത്ത ദശാബ്ദത്തില്‍ പത്തു ലക്ഷം സൗദി വനികള്‍ക്ക് തൊഴില്‍ നല്‍കാനാണ് രാജ്യം ലക്ഷ്യമിടുന്നത് എന്ന് യു.എന്നിലെ സൗദി മിഷന്‍ ഉദ്യോഗസ്ഥന്‍ മിശ്അല്‍ അല് ബലാവി പറഞ്ഞു.

2020 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 11.8 ശതമാനമാണ് കുറഞ്ഞത്. സൗദി പൗരന്മാരുടെ മൊത്തം തൊഴില്‍ ശേഷിയില്‍ 64.5 ശതമാനമാണ് പുരുഷന്മാര്‍. 35.5 ശതമാനം സ്ത്രീകളും. സൗദിയേതര രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളില്‍ 87.2 ശതമാനവും പുരുഷന്മാരാണ്. 12.8 ശതമാനം സ്ത്രീകളും.

ദേശീയ തൊഴില്‍ പോര്‍ട്ടലില്‍ ജോലിക്കായി അപേക്ഷിച്ചവരില്‍ 81.6 ശതമാനവും സ്ത്രീകളാണ്. 18.4 ശതമാനം മാത്രമാണ് പുരുഷന്മാര്‍. 2019 ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതില്‍ 7.5 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്.

SHARE