ജിദ്ദ: സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) വിമാനം ഇസ്രാഈലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ നില്‍ക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം കെട്ടിച്ചമച്ചവും വ്യാജവുമെന്ന് വിമാനക്കമ്പനി. ‘ചില സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട, സൗദിയ വിമാനം ഇസ്രാഈലിലെ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്നതായുള്ള ചിത്രം വ്യാജവും കൃത്രിമവുമാണ്’ – സൗദിയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ തയിബിനെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സൗദിയുടെ ദേശീയ ചിഹ്നമായ എയര്‍ലൈന്‍സിനെ താറടിച്ചു കാണിക്കാനുള്ള ശ്രമം വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം നടക്കുന്നുണ്ടെന്നും അല്‍ തയിബ് കൂട്ടിച്ചേര്‍ത്തു.
Pic circulating on social media of a Saudia airplane at Israel’s Ben Gurion Airport is fabricated, the airline says https://t.co/Qs8h0FHXHa
— Ahmed Al Omran (@ahmed) June 26, 2017
സൗദിയും ഇസ്രാഈലും തമ്മില്‍ നയതന്ത്ര ബന്ധമോ ഏതെങ്കിലും വിധത്തിലുള്ള സഹകരണമോ നിലനില്‍ക്കുന്നില്ല. എന്നാല്‍, ഖത്തറിനെതിരെ സൗദിയും മറ്റ് അറബ് രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് ഇസ്രാഈലിനോടു ചേര്‍ത്തുള്ള കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് സൗദിയുടെ ഉടമസ്ഥതയിലുള്ള സൗദിയ വിമാനം ഇസ്രാഈല്‍ വിമാനത്താവളത്തില്‍ കാണപ്പെടുന്നതായുള്ള ചിത്രം. ചിത്രത്തിന്റെ നിജസ്ഥിതി അന്വേഷിക്കാതെ പലരും ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ടെന്നും നിയമപ്രകാരം അത് ശിക്ഷാര്‍ഹമാണെന്നും സൗദിയ വക്താവ് അല്‍ തയിബ് പറഞ്ഞു.