കോവിഡ്: സൗദിയില്‍ നോട്ടുകളും നാണയങ്ങളും ക്വാറന്റൈന്‍ ചെയ്യുന്നു

ജിദ്ദ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കറന്‍സി നോട്ടുകളും നാണയങ്ങളും ക്വാറന്റൈന്‍ ചെയ്യാന്‍ സൗദി തീരുമാനം. 20 ദിവസം വരെയാണ് ക്വാറന്റൈന്‍ ചെയ്യുക എന്ന് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) അറിയിച്ചു.

കറന്‍സിയും ഇലക്ട്രോണിക് പേയ്‌മെന്റ് ഉപകരണങ്ങളും വഴി കോവിഡ് പടരാനുള്ള സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. 14 മുതല്‍ 20 ദിവസം വരെ കറന്‍സികള്‍ സീല്‍ ചെയ്ത സ്ഥലത്തു സൂക്ഷിക്കും. പിന്നീട് ഇവ മെഷിനുകള്‍ വഴി തരംതിരിച്ച് അണുവിമുക്തമാക്കി ഉപയോഗത്തിന് വിട്ടു കൊടുക്കും. ചെളി നിറഞ്ഞതോ കേടായതോ ആയ നോട്ടുകള്‍ ഉടന്‍ നശിപ്പിക്കുകയും ചെയ്യും- സാമ അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തെ പണലഭ്യതയെ ഇതു ബാധിക്കില്ലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും ധനകാര്യവിശാരദനുമായ തല്‍അത് സാകി ഹാഫിസ് പറഞ്ഞു. പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള ഉദ്യോഗസ്ഥര്‍ ഇതിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കും. ഈ നടപടി അസാധാരണമല്ല. സമാനമായ ആരോഗ്യപ്രതിസന്ധികളില്‍ നോട്ടുകളുടെ സുരക്ഷ നേരത്തെയും ഉറപ്പുവരുത്തിയിട്ടുണ്ട്- അദ്ദേഹം വെളിപ്പെടുത്തി.

സൗദിയില്‍ വെള്ളിയാഴ്ച വരെ 65077 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 351 പേര്‍ മരിക്കുകയും ചെയ്തു. പന്ത്രണ്ട് മണിക്കൂറിനിടെ മാത്രം രാജ്യത്ത് 2532 കേസുകളും 12 മരണങ്ങളുമുണ്ടായി.

അതിനിടെ, കറന്‍സി നോട്ടുകള്‍ വഴി കോവിഡ് പടരുമോ ഇല്ലയോ എന്നതിന് ശാസ്ത്രീയമായ തെളിവുകള്‍ ഇല്ല. എങ്കിലും കറന്‍സികള്‍ കൈകാര്യം ചെയ്യുന്ന വേളയില്‍ ആവശ്യമായ മുന്‍കരുതലുകള്‍ വേണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിരുന്നു. നേരത്തെ, ചൈന രോഗവ്യാപനം മുമ്പില്‍ കണ്ട് നോട്ടുകള്‍ അള്‍ട്രാവയലറ്റ് രശ്മികളും ചൂടും ഉപയോഗിച്ച് നോട്ടുകള്‍ അണുമുക്തമാക്കിയിരുന്നു.

SHARE