അഷ്റഫ് വേങ്ങാട്ട്
റിയാദ് : ജൂണ്‍ 20 മുതല്‍ സഊദിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് പോകുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി റിയാദില്‍ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ അറിയിച്ചു. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. പുതിയ തീരുമാനപ്രകാരം റിസള്‍ട്ട് നെഗറ്റീവ് ആയ യാത്രക്കാര്‍ക്ക് മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നല്കാനാവൂവെന്ന് എംബസി അറിയിച്ചു. എന്നാല്‍ വന്ദേഭാരത് മിഷനില്‍ വരുന്ന മലയാളികള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല എന്നും എംബസി അറിയിച്ചു. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ പോകാനുദ്ദേശിക്കുന്ന യാത്രക്കാര്‍ എത്ര സമയം മുമ്പേ ടെസ്റ്റ് നടത്തണമെന്നോ എവിടെ നിന്നാണ് ഇത് ചെയ്യേണ്ടതെന്നോ വ്യക്തമാക്കിയിട്ടില്ല.
ഇതോടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ അടിയന്തര ആവശ്യങ്ങളിലുള്ളവരെ നാട്ടിലെത്തിക്കാനുള്ള കെ.എം.സി.സി അടക്കമുള്ള സംഘടനകളുടെ ശ്രമങ്ങള്‍ അനിശ്ചിതാവസ്ഥയിലായി. കഴിഞ്ഞ ഇത്തരമൊരു തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായപ്പോള്‍ തന്നെ കെ.എം.സി.സി അടക്കമുള്ള സഊദിയിലെ പ്രവാസി സമൂഹം അതിശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. നാട്ടില്‍ മുസ്ലിംലീഗും യു.ഡി.എഫും പ്രവാസി വിരുദ്ധനീക്കത്തില്‍ പ്രതിഷേധിച്ചു. അതൊന്നും വകവെക്കാതെയാണ് സര്‍ക്കാര്‍ എംബസിക്ക് നേരത്തെ ഇറക്കിയ ഉത്തരവിന്റെ കോപ്പി കൈമാറിയത്. മറ്റു സംസ്ഥാങ്ങള്ക്കൊന്നും ഈ നിയമം ബാധകമല്ലെന്നിരിക്കെ കേരളത്തിന് മാത്രമാണ് എംബസിയുടെ മാര്ഗ്ഗനിര്ദേശങ്ങളില് കോവിഡ് ടെസ്റ്റ് റിപ്പോര്‍ട് നിര്‍ബന്ധമാക്കിയത്. നയതന്ത്ര തലത്തില്‍ ഇടപെടലുകള്‍ നടത്തുകയും എംബസ്സി മുഖേന ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും മാത്രമാണ് പ്രതിവിധിയെന്നിരിക്കെ സര്‍ക്കാരിന്റെ നിലപാടുകള്‍ അനേകം പ്രവാസികളുടെ ജീവന് ഭീഷണിയിലാകുന്ന നടപടിയായി മാറി.
പി സി ആര് ടെസ്റ്റ് അല്ലെങ്കില്‍ ആന്റിബോഡി ടെസ്റ്റ് റിപ്പോര്‍ട് വേണമെന്നാണ് ആവശ്യം. സഊദിയില്‍ ഈ രണ്ട് ടെസ്റ്റുകളും ചെയ്യാനുള്ള സൗകര്യം സര്‍ക്കാര്‍ ആസ്പത്രികളിലും ചുരുക്കം ചില സ്വകാര്യ ആസ്പത്രികളിലുമാണുള്ളത്. രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നത് മൂലം രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് തന്നെ ഈ ടെസ്റ്റുകള്‍ ചെയ്യാന്‍ അവസരമില്ല . ടെസ്റ്റിന് സൗകര്യമുള്ള ചുരുക്കം സ്വകാര്യ ആസ്പത്രികള്‍ ഭീമമായ തുക ഈടാക്കുന്നതിനാല്‍ ദുരിതത്തില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഇത് അസാധ്യവുമാണ്. ഇത്തരം ആസ്പത്രികളും രോഗ ലക്ഷങ്ങളുള്ളവര്ക്ക് മാത്രമാണ് ടെസ്റ്റുകള്‍ ചെയ്തു കൊടുക്കുന്നത്
എന്നാല്‍ ഈ നിയമം വന്ദേ ഭാരത് മിഷനില്‍ പെട്ട വിമാനങ്ങളില്‍ പെട്ടവര്‍ക്ക് ബാധകമല്ല എന്നതാണ് ദുരൂഹമായ കാര്യം. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരാണ് കോവിഡില്‍ നിന്ന് രക്ഷപ്പെടാനും ജീവന് രക്ഷക്കായി നാട്ടിലെത്താന്‍ കാത്തിരിക്കുന്നത്. എംബസിയില്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്താ ഒന്നേകാല്‍ ലക്ഷത്തോളം പേരില്‍ എഴുപത്തിനായിരത്തോളം പേര് മലയാളികളാണ് . ഇതുവരെ 21 സര്‍വീസുകളിലായി ആറായിരത്തോളം പേര് മാത്രമാണ് വന്ദേ ഭാരത് മിഷന് ഫ്ളൈറ്റുകളില്‍ നാട്ടിലെത്തിയത് . ഇനിയും പതിനായിരങ്ങള്‍ യാത്രക്കായി കാത്തിരിക്കുന്ന വേളയിലാണ് സര്‍ക്കാരിന്റെ ഈ ഇരുട്ടടി പ്രവാസികള്‍ക്ക് മേല്‍ പതിച്ചിട്ടുള്ളത്. ഈ നിയമം പിന്‍വലിക്കുന്നത് വരെ അതിശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റി അറിയിച്ചു.