ഫുട്ബോള്‍ ടീം കോച്ച് എഡ്ഗാര്‍ഡോ ബൗസയെ സൗദി അറേബ്യ പുറത്താക്കി. ചുമതലയേറ്റ് 69 ദിവസങ്ങള്‍ക്കു ശേഷമാണ് അര്ജന്റീനക്കാരനുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യം സൗദി അറേബ്യ ഫുട്ബോള്‍ ഫെഡറേഷന് (സാഫ്) വ്യക്തമാക്കിയത്. ഇതോടെ, ലോകകപ്പിനു വേണ്ടി ടീമിനെ ഒരുക്കാന്‍ പുതിയ പരിശീലകനെ തേടുകയാണ് സൗദി.
രണ്ട് മാസത്തിലേറെ മാത്രം നീണ്ട കാലയളവില്‍ ബൗസക്കു കീഴില്‍ അഞ്ച് സൗഹൃദ മത്സരങ്ങളാണ് സൗദി കളിച്ചത്. ജമൈക്ക, ലാത്വിയ ടീമുകള്‍ക്കെതിരെ ജയം കണ്ടെങ്കിലും ഘാന, പോര്‍ച്ചുഗല്‍, ബള്‍ഗേറിയ ടീമുകള്‍ക്കെതിരെ തോല്‍വി വഴങ്ങിയിരുന്നു. ബൗസയുടെ ജോലിയെപ്പറ്റി സാങ്കേതിക പഠനം നടത്തിയ ശേഷമാണ് പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് സാഫ് പ്രസിഡണ്ട് ആദില്‍ ഇസ്സത്ത് പറഞ്ഞു.
നേരത്തെ, മോശം പ്രകടനത്തെ തുടര്‍ന്ന് അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന് ബൗസയെ പുറത്താക്കിയിരുന്നു. തുടര്‍ച്ചയായ രണ്ട് കോപ അമേരിക്ക ടൂര്‍ണമെന്റുകളിലെ ഫൈനല്‍ തോല്‍വിക്കു പിന്നാലെ രാജിവെച്ച ജെറാര്‍ഡോ മാര്ട്ടിനോക്കു പകരക്കാരനായാണ് ബൗസ ചുമതലയേറ്റത്. എട്ട് മത്സരങ്ങള്‍ ബൗസക്കു കീഴില്‍ കളിച്ച അര്‍ജന്റീനക്ക് മൂന്ന് ജയം നേടാനേ കഴിഞ്ഞുള്ളൂ. ഒമ്പതിനെതിരെ പത്ത് ഗോളുകള്‍ വഴങ്ങുകയും ചെയ്തു. ഈ വര്‍ഷം ഏപ്രിലില്‍ ബൗസയെ പുറത്താക്കി ഹോര്‍ഹെ സാംപോളിയെ കൊണ്ടുവന്നതിനു ശേഷമാണ് അര്‍ജന്റീന ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. സൗദിയിലെത്തും മുമ്പ് ബൗസ യു.എ.ഇയെ പരിശീലിപ്പിച്ചെങ്കിലും നാല് മത്സരങ്ങളില്‍ രണ്ട് ജയം നേടാനേ കഴിഞ്ഞിരുന്നുള്ളൂ.