ജറുസലേം ട്രംപിന്റെ തറവാട്ടുസ്വത്തല്ല: സൗദി രാജകുടുംബാംഗം

അല്‍ഫൈസല്‍റിയാദ്: ജറുസേലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സൗദി രാജകുടുംബാംഗം രംഗത്ത്.

ആര്‍ക്കെങ്കിലും വെറുതെ നല്‍കാന്‍ ജറുസേലം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തറവാട്ടു സ്വത്തല്ലെന്നാണ് സൗദി മുന്‍ ഇന്റലിജന്‍സ് മേധാവിയും അമേരിക്കയിലെ
മുന്‍ സൗദി  അംബാസഡറുമായ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ ട്രംപിന്റെ നടപടിയില്‍ പ്രതികരിച്ചത്.

സമാധാന ശ്രമങ്ങള്‍ക്ക്  ഉപയോഗിക്കാമായിരുന്ന തുറുപ്പുചീട്ടാണ് ട്രംപ് ഇസ്രായേലിന് വെറുതെ നല്‍കിയത്. നിയമവിരുദ്ധ അധിനിവേശക്കാര്‍ക്കാണ്  ജറുസലേം ട്രംപ് ഇപ്പോള്‍ കൈമാറിയത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സൗദി രാജകുടുംബാംഗമായ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം ചേര്‍ന്ന സൗദി ശൂറ കൗണ്‍സിലും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനം അപലപനീയമാണെന്നും . പ്രഖ്യാപനത്തോടെ ഇസ്രാഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ മധ്യസ്ഥതക്കുള്ള അര്‍ഹത അമേരിക്കക്ക് നഷ്ടമായെന്നും കൗണ്‍സില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ജറുസലേം വിഷയത്തില്‍ കടുത്ത ഭാഷയില്‍ ട്രംപിനെ വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രംഗത്തെത്തിയിരുന്നു. ഇസ്രാഈല്‍ ഭീകരരാഷ്ട്രമാണെന്നും യു.എസ് തീരുമാനം നിയമവിരുദ്ധമാണെന്നും പറഞ്ഞ ഉര്‍ദുഗാന്‍ അമേരിക്ക തീരുമാനം പുന:പ്പരിശോധിച്ചില്ലെങ്കില്‍ ഇസ്രാഈലുമായുള്ള നയതന്ത്ര ബന്ധം തുര്‍ക്കി വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.

അതേസമയം ഉര്‍ദുഗാന്റെ വിമര്‍ശനത്തോട് രോഷത്തോടെയാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. തുര്‍ക്കി നേതാവ് ഇസ്രാഈലിനെ പഠിപ്പിക്കേണ്ടെന്ന് നെതന്യാഹു പറഞ്ഞു. തുര്‍ക്കിയിലെ കുര്‍ദിഷ് ഗ്രാമങ്ങളില്‍ അദ്ദേഹം ബോംബിടുകയാണ്. മാധ്യമപ്രവര്‍ത്തകരെ തുറുങ്കിലടക്കുന്നു. ഗസ്സയിലും മറ്റു സ്ഥലങ്ങളിലും നിരപരാധികളെ ആക്രമിക്കുന്നതിന് ഭീകരര്‍ക്ക് അദ്ദേഹം സഹായം നല്‍കുകയാണെന്നും നെതന്യാഹു കുറ്റപ്പെടുത്തി.

SHARE