സഊദിയില്‍ നിന്ന് റീ എന്‍ട്രിയില്‍ പോയവര്‍ക്ക് കോവിഡ് മുക്തമായതിനു ശേഷം മടക്കം

അഷ്റഫ് വേങ്ങാട്ട്

റിയാദ് : സഊദിയില്‍ നിന്ന് റീ എന്‍ട്രിയില്‍ പോയി നാട്ടില്‍ കഴിയുന്നവരുടെ തിരിച്ചു വരവ് വൈകിയേക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രാലയം. രാജ്യം പൂര്‍ണ്ണമായും കോവിഡ് വൈറസ് ബാധയില്‍ നിന്ന് മോചനം നേടിയതിന് ശേഷമായിരിക്കും മടക്കം സാധ്യമാവുക. സഊദി ആരോഗ്യ മന്ത്രാലയം കോവിഡ് മുക്തമായെന്ന് പ്രഖ്യാപ്പിക്കുന്നത് വരെ വിദേശികള്‍ അവരുടെ രാജ്യങ്ങളില്‍ തങ്ങണം. ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പച്ചക്കൊടി ലഭിച്ചാല്‍ മാത്രമേ വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് സഊദിയിലേക്ക് തിരിച്ചു വരാനുള്ള അനുമതി നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും കാലാവധി അവസാനിച്ചവരുടെ റീ എന്‍ട്രി പുതുക്കല്‍ അന്നു മുതല്‍ തുടങ്ങുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കോവിഡിനെതിരെയുള്ള ശക്തമായ മുന്കരുതലിന്റെ ഭാഗമായി മാര്‍ച്ച് 15 മുതല്‍ സഊദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചതോടെയാണ് റീ എന്‍ട്രിയില്‍ പോയവര്‍ അവരവരുടെ രാജ്യങ്ങളില്‍ തന്നെ തിരിച്ചു പോരാന്‍ കഴിയാതെ കുടുങ്ങിയത്. എന്നാല്‍ അങ്ങിനെ കുടുങ്ങിയവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നാട്ടിലുള്ളവരുടെ റീ എന്‍ട്രിയും ഇഖാമയും കാലാവധി അവസാനിച്ചാലും നീട്ടിനല്‍കുമെന്നും സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതോടെ നാട്ടിലുള്ള സഊദി പ്രവാസികളുടെ പിരിമുറുക്കത്തിന്ന് ആക്കമായിരുന്നു. അതിന്റെ ഭാഗമായി ജൂണ്‍ 30 നുള്ളില്‍ കാലാവധി അവസാനിക്കുന്ന എല്ലാവരുടെയും ഇഖാമ സൗജന്യമായി മൂന്നു മാസത്തേക്ക് പുതുക്കി നല്‍കി. നേരത്തെ റീ എന്‍ട്രി അടിച്ച് സഊദിയില്‍ നിന്ന് പോകാന്‍ കഴിയാത്തവരുടെ മെയ് 24 വരെയുള്ള റീ എന്‍ട്രിയും പുതുക്കി നല്‍കുന്നതിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം ജവാസാത്ത് നടപടികള്‍ ആരംഭിച്ചിരുന്നു.

കോവിഡിന്റെ പിടിയില്‍ നിന്ന് രാജ്യം പൂര്‍ണ്ണമായും മോചിപ്പിക്കപ്പെടുന്നതോടെ ഇഖാമയുടെ കാലാവധി നോക്കാതെ നാട്ടില്‍ കഴിയുന്ന എല്ലാവര്‍ക്കും റീ എന്‍ട്രി പുതുക്കി നല്‍കുമെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത് .വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ റീ എന്‍ട്രി നീട്ടിനല്‍കാനുള്ള നിലവിലെ സംവിധാനം തന്നെയാണ് തൊഴിലുടമകള്‍ ഇതിന്നായി ഉപയോഗിക്കേണ്ടത്. ഇപ്പോള്‍ ഈ സൈറ്റില്‍ അപ്ഡേറ്റുകള്‍ നടന്നുവരുന്നതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവില്ല. എന്നാല്‍ റീ എന്‍ട്രി കാലാവധി അവസാനിച്ചവര്‍ സഊദിയില്‍ കോവിഡ് മുക്തമായെന്ന പ്രഖ്യാപനം വന്ന് ഒരു മാസത്തിനകം പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.റീ എന്‍ട്രിയില്‍ നാട്ടില്‍ കഴിയുന്നവര്‍ തിരിച്ചു വരവോര്‍ത്ത് ആശങ്കപെടേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

SHARE