സൗദിയില്‍ ഓണ്‍ അറൈവല്‍ വിസ ഇന്നുമുതല്‍; ഇന്ത്യക്കാര്‍ക്ക് അടുത്ത ഘട്ടത്തില്‍

സൗദിയില്‍ ഇന്നു മുതല്‍ വിനോദസഞ്ചാരികള്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. നിലവില്‍ 49 രാജ്യങ്ങള്‍ക്കാണ് ഈ സൗകര്യം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അടുത്ത ഘട്ടത്തില്‍ ഓണ്‍ അറൈവല്‍ വിസ.

റിയാദ്: സൗദി അറേബ്യയില്‍ പുതിയ വിസ ചട്ടങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. 49 രാജ്യങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ രാജ്യത്ത് ഓണ്‍അറൈവല്‍ വിസ ലഭിക്കും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ ഘട്ടത്തില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കില്ലെങ്കിലും ഓണ്‍ലൈന്‍ വിസ കരസ്ഥമാക്കാം. 300 റിയാലാണ് പുതിയ സന്ദര്‍ശന വിസകളുടെ നിരക്ക്.

അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, യൂറോപ്പിലെ 30 രാജ്യങ്ങള്‍, ഏഴ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സൗദിയില്‍ ഇപ്പോള്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്നത്. 300 റിയാലാണ് വിസ നിരക്ക്. ഇതിന് പുറമെ 140 റിയാല്‍ ട്രാവല്‍ ഇന്‍ഷുറന്‍സിനായി നല്‍കണം. ഓണ്‍ലൈനായോ അല്ലെങ്കില്‍ റിയാദ്, ജിദ്ദ, ദമ്മാം, മദീന വിമാനത്താവളങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള മെഷീനുകളില്‍ നിന്നോ വിസ സ്വന്തമാക്കാം.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സ്വതന്ത്രമായി രാജ്യത്തെത്താം. എന്നാല്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് മുതിര്‍ന്നവര്‍ക്കൊപ്പമേ യാത്ര ചെയ്യാനാവൂ. മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് മക്കയിലേക്കും മദീനയിലേക്കും പ്രവേശിക്കാനാവില്ല. വിനോദ സഞ്ചാരികളും സൗദിയില്‍ താമസിക്കുന്ന വിദേശികളും പര്‍ദ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ വിദേശികള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് സൗദി ടൂറിസം കമ്മീഷന്‍ ചെയര്‍മാന്‍ അഹ്!മദ് അല്‍ ഖതീബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.