സൗദിയില്‍ രാത്രി ജോലിയില്‍ പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍

റിയാദ്: സൗദി അറേബ്യയില്‍ രാത്രി ജോലിക്ക് പുതിയ ഇളവുകള്‍ നടപ്പിലായി. നൈറ്റ് ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും ജോലിയിലെ ഇളവുകളും നല്‍കുന്ന തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ബുധനാഴ്ച മുതല്‍ പ്രാബല്യത്തിലായത്. രാത്രി 11 മുതല്‍ രാവിലെ ആറ് വരെ ജോലി ചെയ്യുന്നവരാണ് നിയമത്തിന്റെ പരിധിയില്‍ വരുന്നത്.

തൊഴില്‍, സാമൂഹിക വികസന മന്ത്രി എന്‍ജി. അഹമ്മദ് അല്‍രാജ്ഹി ഒക്ടോബറിലാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ രാത്രി ജീവനക്കാരെയാണ് നിയമം പരിഗണിക്കുന്നത്. ആരോഗ്യപരമായ പ്രയാസങ്ങളുള്ളവരെ രാത്രി ജോലിക്ക് നിയോഗിക്കരുതെന്നതാണ് പുതിയ നിയമപ്രകാരമുള്ള ഒരു വ്യവസ്ഥ.

രാത്രി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭ്യമാക്കണമെന്നും ഗതാഗത സൗകര്യം ലഭ്യമല്ലാത്ത സാഹചര്യമാണെങ്കില്‍, പകരം സൗകര്യമേര്‍പ്പെടുത്തുകയോ ആവശ്യമായ അലവന്‍സ് അനുവദിക്കുകയോ വേണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

മൂന്നുമാസം രാത്രി ജോലി പൂര്‍ത്തീകരിച്ച ശേഷവും അതേ തൊഴിലാളിയെ വീണ്ടും രാത്രി ജോലിക്ക് നിയമിക്കണമെങ്കില്‍ തൊഴിലാളിയില്‍ നിന്ന് രേഖാമൂലം സമ്മതം നേടിയിരിക്കണം. പ്രസവം കഴിഞ്ഞ് 24 ആഴ്ച കഴിയുന്നത് വരെ വനിതാജീവനക്കാരെ രാത്രി ജോലിയില്‍ നിയമിക്കാന്‍ പാടില്ലെന്നതും പുതിയ നിയമത്തിന്റെ ഭാഗമാണ്.

SHARE