റിയാദ്: ദമാമില്‍ ഇമാമിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പള്ളി പൂട്ടി സൗദി ഭരണകൂടം. രാജ്യത്ത് സാമൂഹിക നിയന്ത്രണങ്ങള്‍ പാലിച്ച് പള്ളികള്‍ തുറന്നതിന് പിന്നാലെയാണ് ഇമാമിന് കോവിഡ് സ്ഥിരീകരിച്ചതും മസ്ജിദ് പൂട്ടിയതും.
കോവിഡ് ബാധയുണ്ടായതിനെ തുടര്‍ന്ന് ഇമാം പ്രദേശത്തെ വിശ്വാസികള്‍ക്ക് വാട്സാപ്പ് സന്ദേശമയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്ലാമിക കാര്യ മന്ത്രാലയം പള്ളി പൂട്ടാനുള്ള തീരുമാനമെടുത്തത്. പള്ളിയിലെ മുഅദ്ദിനെ (ബാങ്കുവിളിക്കുന്നയാള്‍) മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ക്വാറന്റൈനിലാക്കിയിട്ടുണ്ട്.
പൂര്‍ണമായും അണുമുക്തമാക്കിയ ശേഷം മാത്രമേ ഇനി പള്ളി തുറക്കൂവെന്ന് ദമാം മോസ്ക് ഡയറക്ടറേറ്റ് മേധാവി അഹ്മദ് അല്‍ മഹാഷിര് പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏറെക്കാലമായി അടഞ്ഞു കിടന്ന പള്ളികള്‍ ഞായറാഴ്ചയാണ് തുറന്നത്. മക്കയില്‍ ഒഴികെ രാജ്യത്തെ ഒമ്പത് ലക്ഷം പള്ളികളാണ് തുറന്നത്.
അതിനിടെ, രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 91,182 ആയി. 68,159 പേരാണ് രോഗമുക്തി നേടിയത്. 579 പേര് മരണത്തിന് കീഴടങ്ങുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ 2171 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.