കാലാവധിയുള്ള ഇഖാമയുള്ളവർക്ക് അബ്ഷിർ വഴി റീ എൻട്രിപുതുക്കാം – സഊദി

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: കോവിഡ് നിയന്ത്രണത്തിൽ പെട്ട് നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് റീ എൻട്രി കാലാവധി തീർന്നതാണെങ്കിൽ പുതുക്കാൻ അവസരം ഏർപ്പെടുത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് . അബ്ഷിർ വഴിയാണ് തൊഴിലാളികളുടെയും ആശ്രിതരുടെയും റീ എൻട്രി പുതുക്കി നൽകുകയെന്നാണ് ജവാസാത്തിന്റെ അറിയിപ്പ്. സഊദിക്ക് പുറത്തുള്ളവർക്കും ഇഖാമ കാലാവധി ഉള്ളവർക്കുമാണ് ഇവ്വിധത്തിൽ റീ എൻട്രി പുതുക്കി നൽകുക. റീ എൻട്രി ദീർഘിപ്പിക്കുന്ന കാലയളവിലും ഇഖാമ കാലാവധി ഉണ്ടായിരിക്കണം. അതേസമയം റീ എൻട്രിയുടെ കാലാവധി തീർന്ന ശേഷം അറുപത് ദിവസം പിന്നിട്ടവർക്ക് റീ എൻട്രി പുതുക്കാൻ സാധിക്കില്ല.സിംഗിൾ റീ എൻട്രിക്ക് 100 റിയാലും മൾട്ടിപ്പിൾ എൻട്രിക്ക് 200 റിയാലുമാണ് കാലാവധി ദീർഘിപ്പിക്കാനുള്ള ഫീസ്. ഇവ ബാങ്കിൽ സദാദ് വഴി അടക്കണം. ശേഷം അബ്ശിറിൽ സ്‌പോൺസറീസ് സർവീസസ് വഴി വിസ എക്സ്റ്റൻഷൻ സർവീസ് തെരഞ്ഞെടുക്കണം.
വിദേശത്തുള്ളവരുടെ കാലാവധി കഴിഞ്ഞ ഇഖാമയും പുതുക്കിനൽകുമെന്ന് ജവാസാത്ത് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ വന്ന അറിയിപ്പിൽ ഇഖാമ കാലാവധി ഇനിയും ബാക്കിയുള്ളവർക്കാണ് റീ എൻട്രി പുതുക്കാൻ അവസരം നൽകുന്നത്.

SHARE