തറാവീഹ്, ഈദ് നിസ്‌ക്കാരം വീട്ടില്‍നിന്ന് നിര്‍വഹിക്കാന്‍ സഊദി ഗ്രാന്‍ഡ് മുഫ്തിയുടെ ആഹ്വാനം

അഷ്റഫ് വേങ്ങാട്ട്

റിയാദ് : സഊദിയില്‍ കൊറോണ വൈറസ് നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ വിശുദ്ധ റമളാനിലെ തറാവീഹ് നിസ്‌കാരവും ഈദ് നിസ്‌ക്കാരവും വീടുകളില്‍ നിര്‍വഹിക്കണമെന്ന് സഊദി ഗ്രാന്‍ഡ് മുഫ്തി. റമളാന്‍ വ്രതാനുഷ്ഠാനത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ ശൈഖ് അബ്ദുല്‍ അസീസ് അല്‍ ആലു ശൈഖിന്റെ നിര്‍ദേശം. മഹാമാരിയുടെ ഫലമായി ഭരണകൂടമെടുക്കുന്ന മുന്‍കരുതല്‍ നടപടികള്‍ക്ക് ശക്തി പകരുകയെന്നതാണ് ഓരോ വിശ്വാസിയുടെയും കടമ. പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കുന്നതില്‍ ആശങ്കപ്പെടാനില്ലെന്നും റമളാനിനെ സ്വീകരിക്കാന്‍ വിശ്വാസികള്‍ ഒരുങ്ങണമെന്നും ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.

തറാവീഹ് നിസ്‌കാരം അന്ത്യപ്രാവാചകന്‍ വീട്ടില്‍ വെച്ച് നിസ്‌കരിച്ചതിന് തെളിവുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഐച്ഛിക ആരാധന കര്മമായതിനാല്‍ തന്നെ ഇത് നിര്ബന്ധ കര്‍മ്മങ്ങളില്‍ പെട്ടതല്ല. ഇപ്പോള്‍ സഊദിയില്‍ നിലനില്‍ക്കുന്നത് പ്രത്യേക സാഹചര്യമായതിനാല്‍ രാജ്യത്തെ വിശ്വസി സമൂഹം വീടുകളില്‍ വെച്ച് ഈ കര്‍മം നിര്‍വഹിച്ചാല്‍ മതി .നിലവിലുള്ള സ്ഥിതി തുടരുകയാണെങ്കില്‍ ഇരു ഹറമുകള്‍ ഒഴികെ രാജ്യത്തെ പള്ളികളിലൊന്നും ഈദ് നിസ്‌കാരവും ഉണ്ടാവാനിടയില്ല . അത്തരം സന്ദര്‍ഭങ്ങളില്‍ വീടുകളില്‍ വെച്ച് ഈദ് നിസ്‌കാരം കഴിഞ്ഞ ശേഷം ഖുത്ബ പാടില്ല. പള്ളികളിലുള്ള നിസ്‌കാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ട് അടുത്ത തിങ്കളാഴ്ച ഒരു മാസം പൂര്‍ത്തിയാകും . ഇതിനകം അഞ്ച് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരവുമില്ലാതെ പിന്നിട്ടു . ഇക്കൊല്ലത്തെ ഉംറ കര്‍മവും വിലക്കിലാണ് . വിശുദ്ധ ഹറം പൂര്‍ണ്ണമായും അടച്ചിരിക്കുന്നു . തവാഫില്ലാതെ കഅബാലയവും മതാഫും നിലകൊള്ളുന്നത് കാണുമ്പോള്‍ വിശ്വാസി സമൂഹം കടുത്ത പരീക്ഷണത്തെ കുറിച്ചോര്‍ത്ത് കടുത്ത ഭീതിയിലാണ് .