റിയാദിനും ജസാനിനും നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; സഊദി സുരക്ഷ സേന തകര്‍ത്തു

അഷ്റഫ് വേങ്ങാട്ട്
റിയാദ് : സഊദി തലസ്ഥാന നഗരിയായ റിയാദിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം സഊദി സുരക്ഷ സേന ആകാശത്തു വെച്ച് തകര്‍ത്തു. ഇന്നലെ സഊദി സമയം രാത്രി പതിനൊന്നരയോടെയാണ് കുതിച്ചു വന്ന മിസൈലുകള്‍ സഊദിയുടെ കരുത്തരായ വ്യോമസേന ശക്തമായി ചെറുത്തത്. റിയാദ് നഗരത്തിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഹൂത്തികള്‍ മിസൈല്‍ ആക്രമണമഴിച്ചുവിട്ടത്.

അതീവ ജാഗ്രതയോടെ നിലകൊള്ളുന്ന സഊദി സുരക്ഷ സേന മിസൈലുകള്‍ തകര്‍ത്തിടുന്നത് റിയാദ് നഗരത്തിലെ ജനങ്ങളില്‍ പലരും നേരില്‍ കണ്ടു. തകര്‍ത്ത മിസൈലിന്റെ ഭാഗങ്ങള്‍ റിയാദിന്റെ ചില ഭാഗങ്ങളില്‍ പതിച്ചെങ്കിലും കര്‍ഫ്യൂ സമയമായതിനാല്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതേ സമയം ജസാനിലേക്കും മിസൈല്‍ ആക്രമണം നടത്തിയതും സുരക്ഷ സേന തകര്‍ത്തു. ആഗോള സമൂഹത്തോടൊപ്പം സഊദിയും മാരകമായ മഹാമാരിയെ തടയാന്‍ പോരാടുന്നതിനിടെയാണ് ഇറാന്റെ പിന്‍ബലമുള്ള
ഹൂതികളുടെ മിസൈല്‍ ആക്രമണം.

വെള്ളിയാഴ്ച രാവിലെ അബഹയിലേക്കും ഖമീസ് മുശൈതിലേക്കും ഹൂത്തികള്‍ തൊടുത്തുവിട്ട മിസൈലുകള്‍ സഊദി സേന തകര്‍ത്തിരുന്നു.

SHARE