സൗദിയില്‍ ടൂറിസ്റ്റ് വിസകളുടെ കാലാവധി മൂന്നു മാസം നീട്ടി- പണമൊടുക്കേണ്ട

റിയാദ്: കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ അന്താഷ്ട്ര വിമാനങ്ങളുടെ റദ്ദാക്കല്‍ വേളയില്‍ കാലാവധി തീര്‍ന്ന ടൂറിസ്റ്റ് വിസകള്‍ നീട്ടി നല്‍കി സൗദി. ഈ വിസകള്‍ സൗജന്യമായി മൂന്നു മാസത്തേക്ക് കൂടി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജവാസാത്ത്) നീട്ടി നല്‍കുകയായിരുന്നു.

നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ചാണ് ജവാസാത്തിന്റെ തീരുമാനം. കോവിഡ് വൈറസ് വ്യാപനം തടയുന്നതിനും പൗരസുരക്ഷ ഉറപ്പുവരുത്തുന്നതിനും സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടിയുടെ ഭാഗം കൂടിയാണിത്.

വിസ നീട്ടിക്കിട്ടാനായി ജവാസാത്ത് ആസ്ഥാനങ്ങളില്‍ പോകേണ്ടതില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാര്‍ച്ചിലാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ മൂന്നു ഘട്ടങ്ങളിലായി ഇപ്പോള്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്. മെയ് 31 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകളും ആരംഭിക്കുന്നുണ്ട്.

അതിനിടെ, ഇന്ന് 1931 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 2782 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 12 പേര്‍ മരണത്തിന് കീഴടങ്ങി. ഇതുവരെ 411 പേരാണ് മരിച്ചത്. 27865 പേരാണ് വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 397 പേരുടെ നില ഗുരുതരമാണ്.

SHARE