കശ്മീര്‍ വിഷയത്തില്‍ ഇടഞ്ഞ് സൗദി; പാകിസ്താന് എണ്ണയും വായ്പയും നല്‍കുന്നത് നിര്‍ത്തി

റിയാദ്: കശ്മീര്‍ വിഷയത്തില്‍ സൗദിക്ക് മേല്‍ക്കൈയുള്ള ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമക് കോര്‍പറേഷന്‍) വേണ്ടത്ര ഇടപെടുന്നില്ലെന്ന വിമര്‍ശനത്തിന് പിന്നാലെ പാകിസ്താനുള്ള വായ്പയും എണ്ണയും നിര്‍ത്തി സൗദി അറേബ്യ. കശ്മീരില്‍ ഇടപെട്ടില്ലെങ്കില്‍ ഒ.ഐ.സി ഭിന്നിപ്പിക്കുമെന്ന പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ പ്രസ്താവനയാണ് സൗദിയെ ചൊടിപ്പിച്ചത്.

ഇതോടെ, 2018ല്‍ നല്‍കിയ ഒരു ബില്യണ്‍ ഡോളറിന്റെ വായ്പ പാകിസ്താന്‍ ഉടന്‍ തിരിച്ചടയ്‌ക്കേണ്ടി വരും. എണ്ണയടക്കം 6.2 ബില്യണ്‍ ഡോളറിന്റെ സഹായമാണ് സൗദി പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ 3.2 ബില്യണ്‍ ഡോളറാണ് എണ്ണയുടെ ക്രഡിറ്റ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാക് സന്ദര്‍ശനത്തിനാണ് ഈ കരാര്‍ ഒപ്പുവച്ചിരുന്നത്.

നേരത്തെ, ഒഐസിയിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന ഇസ്ലാമബാദിന്റെ ആവശ്യം റിയാദ് നിരസിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി തുടങ്ങിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഒ.ഐ.സി വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞിരുന്നു. ഒ.ഐ.സി തയ്യാറായില്ലെങ്കില്‍ കശ്മീര്‍ വിഷയത്തില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിര്‍ബന്ധിതനാകുമെന്നും ഖുറേഷി പറഞ്ഞിരുന്നു. ഇതാണ് സൗദിയെ ചൊടിപ്പിച്ചത്.

അതിനിടെ, ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ അഹ്മദ് ബജ്‌വ റിയാദിലെത്തും.

SHARE