റിയാദ് : സഊദിയില്‍ ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ അറഫാ ദിനം ഈ മാസം മുപ്പതിനായിരിക്കുമെന്നും ബലിപെരുന്നാള്‍ ജൂലൈ 31 ന് വെള്ളിയാഴ്ചയായിരിക്കുമെന്നും സഊദി സുപ്രിം കൗണ്‍സില്‍ അറിയിച്ചു.
ദുല്‍ഖഅദ് 30 ചൊവ്വാഴ്ച്ച പൂര്‍ത്തിയാക്കുന്നതോടെ ദുല്‍ഹജ്ജ് ഒന്ന് ബുധനാഴ്ചയായിരിക്കും. ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാന്‍ സുപ്രിം കൗണ്‍സില്‍ ആഹ്വാനം ചെയ്തിരുന്നു.
ബലിപെരുന്നാളും അറഫാ ദിനവും നിശ്ചയിച്ചതോടെ ഹജ്ജൊരുക്കങ്ങള്‍ വേഗത്തിലായിരിക്കുകയാണ്. കര്‍മങ്ങളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇത്തവണ ക്രമീകരണങ്ങള്‍.
പതിനായിരത്തില്‍ താഴെ ഹാജിമാരേ ഇത്തവണയുള്ളൂ. കോവിഡ് സാഹചര്യത്തില്‍ ഹാജിമാര്‍ ഏഴ് ദിവസത്തെ ക്വാറന്റൈനും മെഡിക്കല്‍ പരിശോധനയും പൂര്‍ത്തിയാക്കിയാണ് ഹജ്ജിനെത്തുക. മുഴുസമയം ഇവരോടൊപ്പം മെഡിക്കല്‍ സംഘമുണ്ടാകും. സമ്പര്ക്കത്തിലാകാതിരിക്കാന് ഹാജിമാര്‍ക്കായി സുരക്ഷാ വളകള്‍ നല്‍കും.
ജൂലൈ 31നാണ് ബലി പെരുന്നാള്‍. ഹജ്ജ് കര്‍മത്തില്‍ ഹാജിമാര്‍ക്ക് ഏറ്റവും തിരക്ക് പിടിച്ച ദിവസമാണത്, അന്നേ ദിവസം അറഫ, മിന, മുസ്ദലിഫ, ജംറാത്ത്, കഅ്ബ എന്നിവക്കരികില്‍ പ്രത്യേക ക്രമീകരണങ്ങളുണ്ടാകും.