സഊദിയില്‍ കര്‍ഫ്യൂ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സഊദി അറേബ്യ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി ആഭ്യന്തരമന്ത്രാലയം . ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇപ്പോള്‍ നിലനില്‍ക്കുന്ന കര്‍ഫ്യൂ തുടരാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കുകയായിരുന്നു. നേരത്തെ മാര്‍ച്ച് 22 മുതല്‍ 21 ദിവസത്തേക്ക് പ്രഖ്യാപിച്ച കര്‍ഫ്യൂ ഇന്നലെ അര്‍ധരാത്രിയോടെ അവസാനിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇതോടെ രാജ്യത്തെ സുപ്രധാന നഗരങ്ങളിലെല്ലാം 24 മണിക്കൂര്‍ കര്‍ഫ്യൂ തന്നെ തുടരും.

തലസ്ഥാന നഗരിയായ റിയാദ്, ജിദ്ദ . മക്ക , മദീന , ദമ്മാം . തബൂക്ക് ,തായിഫ് , ഹൊഫൂഫ് , ദഹ്‌റാന്‍ , ഖത്തീഫ് , അല്‍ഖോബാര്‍ തുടങ്ങിയ എട്ട് നഗരങ്ങളിലാണ് 24 മണിക്കൂര്‍ കര്‍ഫ്യൂ നിലവിലുള്ളത് . കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട് ചെയ്യാത്ത രാജ്യത്തെ മറ്റു നഗരങ്ങളിലും കര്‍ഫ്യൂ ഭാഗികമായി നിലവിലുണ്ട് . വിവിധ നഗരങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപോലെ തുടരും. 13 പ്രവിശ്യകളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളും തുടരുന്നതാണ് .പൊതു സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവെന്നും കൃത്യമായി പാലിക്കാന്‍ രാജ്യത്തെ സ്വദേശികളും വിദേശികളും തയ്യാറാകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു .

SHARE