സഊദി രാജകുമാരന്‍ സല്‍മാന് ബ്രിട്ടനില്‍ ഉജ്വല സ്വീകരണം : പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ലണ്ടന്‍: ബ്രിട്ടനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഭരണകൂടവും രാജകുടുംബവും പരവാതാനി വിരിക്കുമ്പോള്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചില തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ സന്ദര്‍ശനത്തെ എതിര്‍ക്കുന്നത്.

ലണ്ടനില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിനു മുന്നിലും പ്രതിഷേധക്കാര്‍ എത്തി. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന് ഉജ്വല സ്വീകരണമാണ് ബ്രിട്ടീഷ് ഭരണകൂടം ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി തെരേസ മേയുടെ സുഖവാസ വസതിക്കു സമീപമാണ് താമസം. മുഹമ്മദ് ബിന്‍ സല്‍മാന് ബ്രിട്ടീഷ് രാജ്ഞി പ്രത്യേക വിരുന്നുനല്‍കും. ചാള്‍സ്്, വില്യം രാജകുമാരന്മാരുടെ വിരുന്നിലും അദ്ദേഹം പങ്കെടുക്കും. സഊദിയെ ആധുനികവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 പദ്ധതിയെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ അഭിനന്ദിച്ചു.

എന്നാല്‍ മനുഷ്യാവകാശ വിഷയങ്ങളില്‍ സഊദി ഇപ്പോഴും ഏറെ പിന്നിലാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ചില സാമൂഹിക സംഘടനകളും പറയുന്നു. യമനില്‍ വ്യോമാക്രമണം തുടരുന്ന സഊദിക്ക് ആയുധങ്ങള്‍ തരില്ലെന്ന് മുഹമ്മദ് ബിന്‍ സല്‍മാനെ അറിയിക്കണമെന്ന് മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.