മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ; സഊദിയില്‍ കോവിഡ് ബാധയേറ്റ അഞ്ച് പേര്‍ കൂടി മരിച്ചു

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദിയില്‍ കോവിഡ് 19 വൈറസ് ബാധയേറ്റ അഞ്ച് പേര്‍ കൂടി മരിച്ചു . ഇതോടെ സഊദിയില്‍ കോവിഡ് 19 കേസില്‍ മരിച്ചവരുടെ എണ്ണം 21 ആയി. മരിച്ചവരില്‍ രണ്ട് സ്വദേശികളും മൂന്ന് വിദേശികളുമാണ് . മദീന 3 , ദമാം 1 , ഖമീസ് മുശൈത്ത് 1 എന്നിവിടങ്ങളിലാണ് മരണം. വിദേശികള്‍ മരണപ്പെട്ടത് മദീനയില്‍ രണ്ടും ദമാമില്‍ ഒരാളുമാണ്. 165 പേര്‍ക്ക് കൂടി ഇന്ന് രോഗബാധ കണ്ടെത്തിയതോടെ 1885 പേര്‍ക്ക് കോവിഡ് 19 സ്ഥിതീകരിച്ചു . 64 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ഇതുവരെ 328 പേര്‍ക്ക് രോഗശമനമുണ്ടായെന്നും സഊദി ആരോഗ്യമന്ത്രാലയം അറിയിച്ചു.

മക്ക 48 , മദീന 46 , ജിദ്ദ 30 , ഖഫ്ജി 9 , റിയാദ് 7 , ഖമീസ് മുശൈത്ത് 6, ഖത്തീഫ് 5 , ദമാം 4 ,ദഹ്‌റാന്‍ 4 , അബഹ 2 , രാസ്തനൂറ 1 , ബിഷ 1 , അഹദ് റുഫൈദ 1 , അല്‍ഖോബാര്‍ 1 തുടങ്ങിയ സ്ഥലങ്ങളിലാണ് രോഗബാധ പുതുതായി റിപ്പോര്‍ട് ചെയ്തത്. രോഗം സ്ഥിതീകരിച്ച രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും 163 പേര്‍ക്ക് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുമാണ് .സഊദിയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട് ചെയ്തിട്ടുള്ളത് തലസ്ഥാന നഗരിയായ റിയാദിലാണ്. 587 കേസുകളാണ് ഇതുവരെ റിപ്പോര്‍ട് ചെയ്തത്. ഇവരില്‍ 53 പേര്‍ക്ക് രോഗം ഭേദമായി . മക്കയില്‍ 363 കേസുകളാണ് മൊത്തം രോഗനിര്‍ണ്ണയം നടത്തിയത് . ഇവിടെ 102 പേര്‍ക്ക് രോഗം ഭേദമായി. ജിദ്ദയില്‍ 256 കേസുകള്‍ റിപ്പോര്‍ട് ചെയ്തതില്‍ 88 പേര്‍ക്ക് ഭേദമായി. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ രാജ്യത്തെ ജനത അതീവ ജാഗ്രത പാലിക്കുന്നുണ്ട് .

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ 11 ദിവസമായി കര്‍ഫ്യൂ തുടരുകയാണ് . മക്കയിലും മദീനയിലും വ്യാഴാഴ്ച മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നേരത്തെ ഇവിടെ ഭാഗികമായാണ് 24 മണിക്കൂര്‍ കര്‍ഫ്യൂ ഉണ്ടായിരുന്നത്. അവശ്യ സര്‍വീസുകള്‍ , ആസ്പത്രികള്‍ എന്നിവക്ക് കര്‍ഫ്യൂവില്‍ ഇളവുണ്ട് . രാവിലെ ആറ് മുതല്‍ ഉച്ചക്ക് മൂന്ന് വരെ അവശ്യ സാധനങ്ങള്‍ വാങ്ങാനും ആശുപത്രികളില്‍ പോകാനും അനുമതിയോടെ സാധിക്കും. ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാന്‍ പോകുന്നവര്‍ വാഹനം ഉപയോഗിക്കുന്നവര്‍ ആണെങ്കില്‍ െ്രെഡവര്‍ക്ക് പുറമെ ഒരാള്‍ മാത്രമേ വാഹനത്തില്‍ ഉണ്ടാകാന്‍ പാടുള്ളൂ. ഫാര്‍മസി , ഭക്ഷ്യ വസ്തുക്കളുടെ വില്പന കേന്ദ്രങ്ങള്‍ , പെട്രോള്‍ സ്‌റ്റേഷന്‍ , ബാങ്ക് സര്‍വീസുകള്‍ എന്നിവക്ക് നേരത്തെ ഇളവുകളുണ്ട്. മറ്റു ഭാഗങ്ങളില്‍ നിന്ന് ഈ രണ്ട് പുണ്യ നഗരങ്ങളിലേക്കുമുള്ള യാത്രയും വിലക്കിയിട്ടുണ്ട്.

SHARE